കണ്ണൂർ ആറളം വന്യജീവി സങ്കേതത്തില്‍ മവോയിസ്റ്റുകൾ വെടിയുതിര്‍ത്തതായി വനപാലകർ. ചാവച്ചിയിലാണ് വടിയുതിര്‍ത്തതെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പറഞ്ഞു. അമ്പലപ്പാറ ഫോറസ്റ്റ് സ്‌റ്റേഷനിലേക്ക് ഭക്ഷണവുമായി പോയ വനപാലകര്‍ക്ക് മാവോയിസ്റ്റ് സംഘം വെടിയുതിർത്തത്. മാവോയിസ്റ്റ് സംഘത്തിൽ എത്രപേരുണ്ടായിരുന്നുവെന്ന് കൃത്യമായി ധാരണയില്ലെന്ന് വൈൽഡ് ലൈഫ് വാർഡൻ പറഞ്ഞു.
മൂന്നംഗ വനപാലക സംഘമാണ് ഭക്ഷണവുമായി പോയത്. വെടി കൊണ്ടില്ലെങ്കിലും ഓടി രക്ഷപ്പെടുന്നതിനിടയില്‍ വീണ് ഒരു വനപാലകന് പരിക്കേറ്റതായും വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പറഞ്ഞു. നരിക്കുറ്റി എന്ന സ്ഥലത്താണ് ഇപ്പോൾ വനപാലകരുള്ളത്. ഇരിട്ടിയില്‍ നിന്നടക്കം വന്‍ പോലിസ് സന്നാഹം സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു.
വയനാട് കാടുകളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശം കൂടിയാണ് ആറളം വന്യജീവി സങ്കേതം. ഈ പ്രദേശങ്ങളിൽ സ്ഥിരം മാവോയിസ്റ്റ് സാന്നിദ്ധ്യം ഉള്ളതായി നേരത്തെ റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ഇതിന് മുമ്പ് സമീപ പ്രദേശമായ രാമച്ചിയിൽ അഞ്ചംഗ മാവോയിസ്റ്റ് സംഘം സണ്ണി എന്നായാളുടെ വീട്ടിലെത്തി ഭക്ഷണം കഴിക്കുകയും മൊബൈൽ ചാർജ് ചെയ്യുകയും ചെയ്തിരുന്നു. അന്ന് തിരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല.