കളമശേരി സ്‌ഫോടന കേസ് പ്രതി ഡൊമനിക് മാര്‍ട്ടിനെ പൊലീസ് തെളിവെടുപ്പിനെത്തിച്ചു. അത്താണിയിലെ കുടുംബ വീട്ടിലാണ് തെളിവെടുപ്പ് നടത്തുന്നത്. ബോംബ് നിര്‍മ്മിച്ചത് ഈ വീട്ടില്‍വെച്ചാണെന്ന് ഡൊമനിക് പോലീസിന് മൊഴി നല്‍കിയിരുന്നു. പരീക്ഷണങ്ങള്‍ നടത്തിയത് വീടിന് സമീപത്തെ ഗ്രൗണ്ടില്‍വെച്ചായിരുന്നു. എറണാകുളം എസിപിയുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ്.
ബോംബ് നിര്‍മിക്കുന്നതിനുള്ള സാധനങ്ങള്‍ അത്താണിയിലെ വീട്ടിലാണ് സൂക്ഷിച്ചിരുന്നത്. സ്ഫോടനം നടത്തിയ അന്ന് പുലര്‍ച്ചെ ഈ വീടിന്‍റെ ടെറസില്‍ വെച്ചാണ് ബോംബ് ഉണ്ടാക്കിയത് എന്നാണ് പ്രതിയുടെ മൊഴി. തമ്മനത്തെ വാടക വീട്ടില്‍ നിന്നും ഇറങ്ങിയ ഡൊമനിക് മാര്‍ട്ടിന്‍ സ്‌കൂട്ടറില്‍ അത്താണിയിലെ വീട്ടിലെത്തി. ബോംബ് നിര്‍മ്മാണത്തിന്റെ അവസാനഘട്ടം പൂർത്തിയാക്കി. രാവിലെ അഞ്ച് മണിക്കും ഏഴ് മണിക്കും ഇടയില്‍ ബോംബുകളുമായി കളമശേരിയില്‍ സാമ്ര കണ്‍വെന്‍ഷന്‍ സെന്ററിലെത്തുകയായിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പ്. ഡൊമിനികിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.