പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ സിപിഐഎം ക്ഷണിച്ചാൽ ലീഗ് പങ്കെടുക്കുമെന്ന് ഇ ടി മുഹമ്മദ് ബഷീർ എംപി. ക്ഷണിച്ചാൽ ഉറപ്പായും പങ്കെടുക്കും. എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണ്. ഏക സിവിൽ കോഡ് സെമിനാറിൽ പങ്കെടുക്കാത്തതിന്റെ സാഹചര്യം വേറെയാണ്. പാർട്ടി കൂടിയാലോചിച്ച് തീരുമാനമെടുത്തിട്ടില്ല. എന്നാൽ ഈ പരിപാടിയിൽ ലീഗിന് പങ്കെടുക്കാവുന്നതാണ്. പലസ്തീൻ വിഷയത്തിൽ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും രാജ്യവ്യാപകമായി ഇത്തരം റാലികൾ സംഘടിപ്പിക്കപ്പെടണമെന്നും ഇ ടി മുഹമ്മദ് ബഷീർ കൊച്ചിയിൽ പറഞ്ഞു.
“സ്വഭാവികമായിട്ടും വിളിക്കുകയാണെങ്കിൽ പോകാവുന്നതേയുള്ളൂ. ഞങ്ങളെ വിളിച്ചതായി അറിയില്ല. നടക്കാൻ പോകുന്നതല്ലേയുള്ളൂ. ഇതുവരെ ക്ഷണം വന്നിട്ടില്ല. പാർട്ടി കൂടിയാലോചിച്ചിട്ടില്ല. പക്ഷേ പോകാവുന്നതേയുള്ളൂ. പലസ്തീൻ വിഷയത്തിൽ രാജ്യവ്യാപകമായി ചർച്ച നടക്കേണ്ടതുണ്ട്. ലോകത്തെ നടുക്കിയ സംഭവ വികാസങ്ങളാണ് ഉണ്ടായത്. ഓരോ ദിവസവും നമ്മൾ വായിച്ചുകൊണ്ടിരിക്കുന്നത് അതാണ്. ഇന്ത്യ എപ്പോഴും വേദന അനുഭവിക്കുന്നവരുടെ കൂടെ നിൽക്കുകയാണ് ആ പാരമ്പര്യത്തെ എല്ലാവരും കാത്തുസൂക്ഷിക്കേണ്ടതുണ്ട്” ഇ.ടി പറഞ്ഞു.
സിപിഐഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലി നവംബർ 11ന് കോഴിക്കോടാണ് നടക്കുക. മുഖ്യമന്ത്രി പിണറായി വിജയനാണ് റാലി ഉദ്ഘാടനം ചെയ്യുന്നത്. സമസ്ത ഉൾപ്പെടെ സമുദായ സംഘടനകളെയും റാലിയിലേക്ക് ക്ഷണിക്കാനാണ് സിപിഐഎം തീരുമാനം.