കേരളവർമ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നാവശ്യപ്പെട്ട് കെ.എസ്.യു ഹൈക്കോടതിയിൽ ഹർജി നൽകി. കെ. എസ്.യു ചെയർമാൻ സ്ഥാനാർത്ഥി ശ്രീക്കുട്ടനാണ് ഹൈക്കോടതിയെ സമീപിച്ചത്. മാനദണ്ഡങ്ങൾ ലംഘിച്ചാണ് റീ കൗണ്ടിംഗ് നടത്തിയതെന്നാണ് ഹർജിയിലെ ആരോപണം.
ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ താൻ ഒരു വോട്ടിന് വിജയിച്ചുവെന്ന് ആദ്യം പ്രഖ്യാപിച്ചെങ്കിലും വീണ്ടും എണ്ണി എതിർസ്ഥാനാർഥി എസ്.എഫ്.ഐയുടെ കെ.എസ്. അനിരുദ്ധ് 10 വോട്ടിന് വിജയിച്ചതായി പ്രഖ്യാപിച്ചെന്നും ഹർജിയിൽ പറയുന്നു. റീ കൗണ്ടിംഗ് സമയത്ത് വൈദ്യുതി ബോധപൂർവ്വം തടസ്സപ്പെടുത്തിയെന്നും അട്ടിമറിയുണ്ടായെന്നും ഹർജിയിൽ ആരോപിക്കുന്നു. ബാലറ്റിലടക്കം കേടുവരുത്തിയ സാഹചര്യത്തിൽ റീ വേണമെന്നാണ് ആവശ്യം.
ബാഹ്യശക്തികളുടെ ഇടപെടലിനെ തുടർന്നാണ് പ്രിൻസിപ്പലിന്റെ എതിർപ്പ് മറികടന്ന് വോട്ട് വീണ്ടും എണ്ണിയതെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഹർജി തിങ്കളാഴ്ച ജസ്റ്റിസ് ടി.ആർ. രവിയുടെ പരിഗണനക്കെത്തും. അതേസമയം വീണ്ടും തെരഞ്ഞെടുപ്പ് നടത്തുംവരെ അനിശ്ചിതകാല നിരാഹാര സമരം തുടരുമെന്ന് കെഎസ്‌യു അറിയിച്ചു. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ കഴിഞ്ഞദിവസം നിരാഹാര സമരം ആരംഭിച്ചിരുന്നു.