കളമശ്ശേരിയിൽ സ്ഫോടനത്തിൽ പൊള്ളലേറ്റ് ചികിത്സയിൽ ആയിരുന്ന ഓരാൾ കൂടെ മരിച്ചു. തായിക്കാട്ടുക്കര സ്വദേശി മോളി ജോയാണ് മരിച്ചത്. 61 വയസായിരുന്നു. എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ പുലർച്ചെ അഞ്ചരയോടെയായിരുന്നു മരണം. ഇവർക്ക് സ്‌ഫോടനത്തിൽ എൺപത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു.
അതേസമയം കളമശ്ശേരി ബോംബ് സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാർട്ടിനെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. പ്രതിയെ 10 ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് ആവശ്യം. സ്ഫോടനം നടത്തിയ കൺവെൻഷൻ സെന്ററിൽ പ്രതിയെ കൊണ്ടുപോയി തെളിവെടുക്കുക, ബോംബ് നിർമ്മാണത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തത വരുത്തുക എന്നിവയാണ് ഇനി പോലീസ് ചെയ്യുക.മാർട്ടിന്റെ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. സ്ഫോടനത്തിന് പോകും മുൻപ് പ്രതിക്ക് ഒരു ഫോൺ കോൾ വന്നുവെന്ന ഭാര്യയുടെ മൊഴി ഉണ്ടായിരുന്നു. മാർട്ടിന്റെ വിദേശബന്ധത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിയുടെ സാമൂഹിക മാധ്യമ ഇടപെടലുകളും പൊലീസ് അന്വേഷിക്കുന്നുണ്ട്. ലഭിച്ച തെളിവുകളുടെയും മോഴികളുടെയും പശ്ചാത്തലത്തിൽ പ്രതിയെ ചോദ്യം ചെയ്യേണ്ടതുണ്ട്.
ഒക്ടോബർ 29നാണ് കളമശേരി ബോംബ് സ്‌ഫോടനം നടക്കുന്നത്. രണ്ടായിരത്തിലധികം പേർ പങ്കെടുത്ത പരിപാടിക്കിടെയാണ് സ്ഫോടനമുണ്ടായത്. പ്രാർത്ഥന നടക്കുന്ന സമയത്ത് കൻവെൻഷൻ സെന്ററിനകത്ത് നാലിടങ്ങളിലായാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവ സ്ഥലത്ത് വച്ച് തന്നെ ഒരാൾ കൊല്ലപ്പെട്ടിരുന്നു. മറ്റുള്ളവർ ചികിത്സയിൽ ഇരിക്കെ ആശുപത്രിയിൽ വച്ചാണ് മരിച്ചത്.