ആദിവാസികൾ പ്രദർശന വസ്തുക്കളല്ലെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. കേരളീയം പരിപാടിയിൽ ആദിവാസികളെ പ്രദർശനവസ്തുവാക്കിയെന്ന വിമർശനത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി. ആദിവാസികളെ ഷോക്കേസിൽ വെക്കരുതെന്നാണ് തന്‍റെ നിലപാട്. കേരളീയം മേളയിലെ ആദിമം ലിവിങ് മ്യൂസിയത്തിലാണ് ആദിവാസികളെ വേഷവിധാനങ്ങളോടെ അവതരിപ്പിച്ചിട്ടുള്ളത്.
ഷോക്കേസിൽ വയ്‌ക്കേണ്ട ജീവിതമല്ല ആദിവാസികളുടേത് എന്നും മന്ത്രി പറഞ്ഞു.ഒരുകാരണവശാലും ആദിവാസി ജനവിഭാഗങ്ങളെ ഷോക്കേസിൽ വെക്കേണ്ട ജനതയാണ് എന്ന് ചിന്തിച്ചിട്ടില്ല. അത് തെറ്റായ സന്ദേശമാണ്. അങ്ങനെ ചെയ്യുന്നതും ശരിയല്ല. ഇവിടെ എന്താണു സംഭവിച്ചതെന്നതു പരിശോധിക്കും. തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കേണ്ടത് ഫോക്ലോർ അക്കാദമിയാണെന്നും മന്ത്രി പറഞ്ഞു.പുതിയ കാലഘട്ടത്തിൽ പഴയ കാര്യങ്ങൾ കാണിക്കുക എന്നുള്ളതാണ് അക്കാദമിയുടെ ഉത്തരവാദിത്തം. അതിന്റെ ഭാഗമായാണ് പഴയകാലത്തെ ജീവിതം ഒരുക്കിയത്.
ഇന്നലെ വിവരം അറിഞ്ഞ വേളയിൽ തന്നെ സാംസ്‌കാരിക വകുപ്പുമായി ബന്ധപ്പെട്ടിരുന്നുവെന്നും നിരുപദ്രവകരമായാണ് അവർ ഇതു ചെയ്തതെന്നും മന്ത്രി രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.
ഊരാളി, മാവിലർ, കാണി, മന്നാൻ, പളിയർ തുടങ്ങിയ വിഭാഗങ്ങളെ ഉൾപ്പെടുത്തിയാണ് കനകക്കുന്നിൽ മ്യൂസിയം തയാറാക്കിയിരിക്കുന്നത്. പരമ്പരാഗത വസ്ത്രമണിഞ്ഞ് കുടിലുകൾക്ക് മുമ്പിൽ ഇവരെ ഇരുത്തിയിരിക്കുകയാണ്. പരമ്പരാഗത കലാപരിപാടികളും അവതരിപ്പിക്കുന്നുണ്ട്. ഏതായാലും ആദിവാസികളെ പ്രദർശനവസ്തുവാക്കിയെന്ന രീതിയിൽ വ്യാപക വിമർശനമാണ് ഉയർന്നിരിക്കുന്നത്.