തിരുവിതാംകൂർ ദേവസ്വംബോര്‍ഡ് പ്രസിഡന്റായി പി എസ് പ്രശാന്ത് ചുമതലയേറ്റു. നന്തൻകോട് ദേവസ്വം ബോർഡ് ആസ്ഥാനത്താണ് ചടങ്ങ് നടന്നത്. ദേവസ്വം ബോർഡ് അംഗമായി എ.അജികുമാറും ചുമതലയേറ്റെടുത്തു. ആർ. അനന്തഗോപന്റെ കാലാവധി കഴിഞ്ഞ പശ്ചാത്തലത്തിലാണ് പി.എസ് പ്രശാന്ത് പ്രസിഡൻ്റായി ചുമതലയേറ്റത്. പരിപാടിയിൽ ബോർഡ് കമ്മീഷണർ ജി ബൈജു സത്യവാചകം ചൊല്ലിക്കൊടുത്തു.
മുന്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കുമെന്ന് ചുമതല ഏറ്റെടുത്ത ശേഷം പ്രശാന്ത് പറഞ്ഞു. തന്റെ ആദ്യ ഉദ്യമം മണ്ഡലകാല പ്രവര്‍ത്തനങ്ങളായിരിക്കും. ക്ഷേത്രത്തിലെ ആയുധ പരിശീലന വിഷയത്തില്‍ കോടതി ഉത്തരവ് നടപ്പിലാക്കും. ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ല. ക്ഷേത്രം വിശ്വാസികളുടേതാണെന്നും പി എസ് പ്രശാന്ത് പറഞ്ഞു. അന്യാധീനപ്പെട്ട സ്വത്ത് തിരിച്ചുപിടിക്കുന്നത് പ്രധാന അജണ്ടയാണെന്നും പി എസ് പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം വിതുര സ്വദേശിയായ പ്രശാന്ത് കര്‍ഷക സംഘം ജില്ലാ വൈസ് പ്രസിഡന്റും സംസ്ഥാന നിര്‍വാഹക സമിതി അംഗവുമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജി ആര്‍ അനിലിനെതിരെ നെടുമങ്ങാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.എന്നാൽ മണ്ഡലത്തിലെ തോല്‍വിയുമായി ബന്ധപ്പെട്ട് നേതൃത്വത്തോട് ഇടഞ്ഞാണ് കോണ്‍ഗ്രസ് വിട്ട് പ്രശാന്ത് സിപിഐഎമ്മിലെത്തിയത്. കെപിസിസി സെക്രട്ടറിയായും സംസ്ഥാന യുവജനക്ഷേമബോര്‍ഡ് വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.