കണ്ടല ബാങ്ക് കള്ളപ്പണ കേസിൽ 200 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. സിപിഐ നേതാവും ബാങ്കിന്റെ മുൻ പ്രസിഡന്‍റുമായ എന്‍ ഭാസുരാംഗന്‍, മകൻ അഖിൽ ജിത്ത് എന്നിവർക്ക് തട്ടിപ്പിൽ നേരിട്ട് പങ്കുണ്ടെന്നും ഇഡി വ്യക്തമാക്കി. കരുവന്നൂർ മാതൃകയിലുള്ള തട്ടിപ്പാണ് കണ്ടലയിലും ഉണ്ടായതെന്നും ഇഡി പറയുന്നു. പല ഉന്നത നേതാക്കളും വഴിവിട്ട ലോണിനായി ഇടപെട്ടതായി വ്യക്തമായിട്ടുണ്ട് എന്നും ഇ ഡി പറയുന്നു.
പത്ത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഇന്നലെ എന്‍ ഭാസുരാംഗന്‍, മകൻ അഖിൽ ജിത്ത് എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 101 കോടി രൂപയുടെ ക്രമക്കേട് നടന്നെന്നാണ് ഇഡി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. ഭാസുരാംഗൻ ബാങ്ക് പ്രസിഡന്‍റായിരുന്ന കാലത്താണ് മകൻ അഖിൽ ജിത്ത് വൻ സാമ്പത്തിക വളർച്ച നേടിയത്. ഇത് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ഹാജരാക്കാൻ അഖിൽ ജിത്തിന് കഴിഞ്ഞിട്ടില്ല. പ്രതികൾ അന്വഷണവുമായി പൂർണ്ണമായി സഹകരിച്ചില്ലെന്നും ഇഡി ആരോപിക്കുന്നു.
കേസിൽ ഇഡി അന്വേഷണം തുടങ്ങിയതിന് പിന്നാലെ ഭാസുരാംഗനെ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് നീക്കിയിരുന്നു. 30 വർഷത്തോളം ബാങ്ക് പ്രസിഡന്‍റായിരുന്ന എൻ ഭാസുരാംഗന്‍റെ നേതൃത്വത്തിൽ ക്രമക്കേട് നടന്നെന്നാണ് പരാതി. ആകെ 74 നിക്ഷേപകർ പരാതിയുമായി രംഗത്ത് വന്നെങ്കിലും കാര്യമായ നടപടികളിലേക്ക് പൊലീസ് കടന്നിരുന്നില്ല. ആരോപണങ്ങളെത്തുടർന്ന് ഭരണസമിതി രാജിവെക്കുകയും അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തുകയുമായിരുന്നു.