ഇസ്രയേല്‍ ഹമാസ് വെടിനിര്‍ത്തല്‍ ദീര്‍ഘിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുമായി മധ്യസ്ഥ രാഷ്ട്രങ്ങള്‍. വെടിനിര്‍ത്തല്‍ നീട്ടണം എന്ന് ഹമാസും ആവശ്യപ്പെട്ടു. എന്നാല്‍ വെടിനിര്‍ത്തല്‍ അവസാനിക്കുന്നതോടെ ഗാസയില്‍ ശക്തമായ ആക്രമണം ആരംഭിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു.നാല് ദിവസത്തെ താത്കാലിക വെടിനിര്‍ത്തല്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് കൂടുതല്‍ ദിവസങ്ങളിലേക്ക് നീട്ടുന്നതിന് ഖത്തറും ഈജിപ്തും അമേരിക്കയും ശ്രമങ്ങള്‍ നടത്തുന്നത്. വെടിനിര്‍ത്തല്‍ നീട്ടുന്നതിനും കൂടുതല്‍ ബന്ദികളെ മോചിപ്പിക്കുന്നതിനും ഗാസയിലേക്ക് കൂടുതല്‍ മാനുഷികസഹായം എത്തിക്കുകയും ആണ് ലക്ഷ്യമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. വെടിനിര്‍ത്തല്‍ നീട്ടുന്നത് സംബന്ധിച്ച് ഇസ്രയേലും ഹമാസും തുറന്ന സമീപനം ആണ് സ്വീകരിക്കുന്നതെന്നും ജോ ബൈഡന്‍ പറഞ്ഞു.
പ്രതിദിന പത്ത് ബന്ദികളെ വീതം മോചിപ്പിക്കും എങ്കില്‍ വെടിനിര്‍ത്തല്‍ തുടരുന്നതിനെ സ്വാഗതം ചെയ്യുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവും സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍ വെടിനിര്‍ത്തല്‍ അവസാനിക്കുമ്പോള്‍ ഗാസയില്‍ ശക്തമായ ആക്രമണം ആരംഭിക്കും. ഗാസ മുന്‍പ് എന്തായിരുന്നോ അങ്ങനെ തുടരാന്‍ അനുവദിക്കില്ലെന്നും ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു.
വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിന് ശേഷം മൂന്ന് ഘട്ടങ്ങളിലായി ബന്ദികളാക്കിയ മുപ്പത്തിയൊന്‍പത് ഇസ്രയേല്‍ പൗരന്‍മാരേയാണ് ഹമാസ് മോചിപ്പിച്ചത്. 117 പലസതീന്‍ തടവുകാരെ ഇസ്രയേലും മോചിപ്പിച്ചു. പതിനേഴ് തായിലന്റ് സ്വദേശികളേയും ഒരു ഫിലിപ്പൈന്‍സ് പൗരനേയും ഹമാസ് മോചിപ്പിച്ചിട്ടുണ്ട്. ഇന്ന് കൂടുതല്‍ തടവുകാരുടെ മോചനം ഉണ്ടാകും. ഇന്ധനവും ഭക്ഷ്യവസ്തുക്കളും അടക്കം അവശ്യവസ്തുക്കളുമായി ഗാസയിലേക്ക് കൂടുതല്‍ ട്രക്കുകളും എത്തുന്നുണ്ട്