യുഎഇ ദേശീയദിനത്തോട് അനുബന്ധിച്ച് ഫുജൈറയില്‍ ഗതാഗത പിഴകള്‍ക്ക് അന്‍പത് ശതമാനം ഇളവ് പ്രഖ്യാപിച്ചു. പിഴയടക്കുന്നവരുടെ ബ്ലാക്ക് പോയിന്റുകള്‍ റദ്ദാക്കും. പിഴയിളവ് നാളെ പ്രാബല്യത്തില്‍ വരും.
ഫുജൈറ പൊലീസ് ആണ് അന്‍പത്തിരണ്ടാമത് ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി എമിറേറ്റില്‍ അന്‍പത് ശതമാനം ഗതാഗതപ്പിഴയിവ് പ്രഖ്യാപിച്ചത്. നവംബര്‍ മുപ്പത് മുതല്‍ അന്‍പത്തിരണ്ട് ദിവസത്തേക്കാണ് അന്‍പത് ശതമാനം പിഴയിളവ്. നവംബര്‍ മുപ്പത് വരെ എമിറേറ്റില്‍ രേഖപ്പെടുത്തപ്പെട്ട ഗതാഗത നിയമലംഘനങ്ങള്‍ക്കാണ് പിഴയിളവ് ലഭിക്കുക. ഗതാഗതനിയമലംഘനങ്ങള്‍ നടത്തിയിട്ടുള്ളവര്‍ അവസരം പ്രയോജനപ്പെടുത്തണം എന്ന് ഫുജൈറ പൊലീസ് ട്രാഫിക് വിഭാഗം ഡയറക്ടര്‍ കേണല്‍ സലേ മുഹമ്മദ് അല്‍ ദന്‍ഹാനി പറഞ്ഞു. എന്നാല്‍ ഗുരുതര ഗതാഗത നിയമലംഘനങ്ങള്‍ക്ക് ലഭിച്ച പിഴകള്‍ക്ക് ഇളവ് ബാധകമായിരിക്കില്ല.
കഴിഞ്ഞ ദിവസം ഉംഅല്‍ഖുവൈന്‍ പൊലീസും അന്‍പത് ശതമാനം പിഴയിളവ് പ്രഖ്യാപിച്ചിരുന്നു