ന്യൂഡൽഹി ∙ ഈ വർഷത്തെ ഏഷ്യാ കപ്പ് ഏകദിന ക്രിക്കറ്റിന്റെ വേദി പാക്കിസ്ഥാനിൽ നിന്നു മാറ്റി. ഇന്ത്യയുടെ മത്സരങ്ങൾ യുഎഇയിലും ബാക്കി മത്സരങ്ങൾ പാക്കിസ്ഥാനിലും നടത്താമെന്ന പാക്ക് ക്രിക്കറ്റ് ബോർഡിന്റെ (പിസിബി) നിർദേശം തള്ളിയാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ (എസിസി) തീരുമാനം.
എസിസി ചെയർമാൻ കൂടിയായ ബിസിസിഐ സെക്രട്ടറി ജയ് ഷാ വിളിച്ചു ചേർക്കുന്ന എക്സിക്യുട്ടീവ് യോഗത്തിനു ശേഷമാകും അന്തിമ തീരുമാനം. സെപ്റ്റംബറിൽ നിശ്ചയിച്ചിരിക്കുന്ന ടൂർണമെന്റ് ശ്രീലങ്കയിൽ നടത്താനാണ് സാധ്യത കൂടുതൽ. തീരുമാനത്തിൽ പാക്കിസ്ഥാൻ പ്രതികരിച്ചിട്ടില്ല. ആതിഥേയത്വത്തിൽ നിന്നു തങ്ങളെ മാറ്റിയാൽ ടൂർണമെന്റ് ബഹിഷ്കരിക്കുമെന്ന് പിസിബി ചെയർമാൻ നജാം സേത്തി മുൻപു പറഞ്ഞിരുന്നു.
പാക്കിസ്ഥാനിലേക്ക് ടീമിനെ അയയ്ക്കില്ല എന്ന ഇന്ത്യയുടെ നിലപാടിനെത്തുടർന്നാണ് ഇന്ത്യയുടെ മത്സരങ്ങൾ യുഎഇയിൽ നടത്താമെന്ന നിർദേശം പിസിബി മുന്നോട്ടു വച്ചത്. എന്നാൽ ഇതിന് മറ്റു ക്രിക്കറ്റ് ബോർഡുകളുടെ പിന്തുണ കിട്ടിയില്ല. ഇതോടെയാണ് ടൂർണമെന്റ് പാക്കിസ്ഥാനിൽ നിന്നു മാറ്റാൻ എസിസി തീരുമാനമെടുത്തത്.