ദേശീയദിനാഘോഷവും, കാലാവസ്ഥ ഉച്ചകോടിയും ക്രിസ്മസ് അവധി എന്നിവയുടെ പശ്ചാത്തലത്തില്‍ യാത്രക്കാര്‍ക്ക് അറിയിപ്പ് നല്‍കി ദുബൈ വിമാനത്താവള അധികൃതര്‍. തിരക്ക് വര്‍ദ്ധിക്കുന്നതിനാല്‍ യാത്രക്കാര്‍ മൂന്ന് മണിക്കൂര്‍ മുമ്പ് എത്തണം. വിവിധ എയര്‍ലൈനുകളുടെ സിറ്റി ചെക്ക് ഇന്‍ സംവിധാനം ഉപയോഗിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
വാരാന്ത്യങ്ങളില്‍ മാത്രം എഴുപത്തിയയ്യായിരത്തിലധികം ആളുകള്‍ ദുബൈ വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദേശീയ ദിന ആഘോവും, കാലാവസ്ഥാ ഉച്ചകോടിയും, ക്രിസ്മസ് അവധി ദിനങ്ങളും എത്തുന്നതോടെ തിരക്ക് വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സമയങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് വിമാനത്താവള അധികൃതര്‍. ഡിസംബര്‍ മാസത്തെ യാത്രക്കാര്‍ മൂന്ന് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ എത്തണം. പരമാവധി യാത്രക്കാര്‍ സെല്‍ഫ് ചെക്ക് ഇന്‍, സെല്‍ഫ് ബാഗേജ് ഡ്രോപ് സംവിധാനം ഉപയോഗിക്കണം.
സിറ്റി ചെക്ക് ഇന്‍, ഹോം ചെക്ക് ഇന്‍ സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുന്നവര്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അധികൃതര്‍ അറിയിച്ചു. യാത്രാ നടപടികള്‍ വേഗത്തിലാക്കുന്നതിനായി കൂടുതലും ആളുകള്‍ സ്മാര്‍ട്ട് സേവനങ്ങള്‍ പ്രയോജനപ്പെടുത്തണം. തിരക്കുള്ള സമയങ്ങളില്‍ പരമാവധി യാത്രക്കാരെ ഉള്‍ക്കൊള്ളുന്നതിനും മുഴുവന്‍ യാത്രക്കാര്‍ക്കും യാത്രാ നടപടികള്‍ വേഗത്തിലും സുതാര്യവുമാക്കുന്നത്തിന്റെ ഭാഗമായാണ് അറിയിപ്പ് നല്‍കിയിരിക്കുന്നത്.