ഗാസയില്‍ ഒരു ദിവസത്തേയ്ക്ക് കൂടി വെടിനിര്‍ത്തല്‍ നീട്ടി. നിലവിലുള്ള കരാര്‍ അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കേയാണ് വെടിനിര്‍ത്തല്‍ നീട്ടാന്‍ തീരുമാനമായത്. ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് ഏഴാം ദിവസവും വെടിനിര്‍ത്തലിന് ധാരണയായത് . ഗാസയിലെ വെടിനിര്‍ത്തല്‍ അവസാനിക്കുന്ന നിമിഷം തന്നെ ആക്രമണം നടത്തുമെന്ന പ്രഖ്യാപനത്തില്‍ ആശങ്ക നിലനില്‍ക്കേയാണ് വെടിനിര്‍ത്തല്‍ ഒരു ദിവസം കൂടി നീട്ടിയെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നത്.
ഇതോടെ വെടിനിര്‍ത്തല്‍ ഏഴാം ദിവസത്തിലേക്ക് പ്രവേശിച്ചു. നിലവിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ രാവിലെ ഏഴിന് അവസാനിക്കാന്‍ മിനിട്ടുകള്‍ ശേഷിക്കേയാണ് ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ ഏഴാം ദിവസവും വെടിനിര്‍ത്താന്‍ ഹമാസും ഇസ്രായേലും ധാരണയായത്. ബന്ദികളെ മോചിപ്പിക്കുന്നത് തുടരാനുള്ള മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി കരാറിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി ഹമാസുമായുള്ള സന്ധി തുടരുമെന്ന് ഇസ്രായേല്‍ സേന അറിയിച്ചു. വെടിനിര്‍ത്തല്‍ ഏഴാം ദിവസത്തേക്കു കൂടി നീട്ടാന്‍ ധാരണയായതായി ഹമാസും പ്രസ്താവനയില്‍ അറിയിച്ചു.
വെടിനിര്‍ത്തലിന്റെ ആറാം ദിനമായ ഇന്നലെ 16 ബന്ദികളെയാണ് ഹമാസ് മോചിപ്പിച്ചത്. 10 ഇസ്രായേല്‍ പൗരന്മാരെയും നാല് തായ്‌ലന്‍ഡുകാരെയും രണ്ട് റഷ്യക്കാരെയും കൈമാറി. 30 പലസ്തീനി തടവുകാരെ ഇസ്രായേലും മോചിപ്പിച്ചു. മൊത്തം 60 ഇസ്രായേലി ബന്ദികള്‍ ഇതുവരെ മോചിതരായി. ഇതിനുപുറമെ 19 തായ്‌ലന്‍ഡുകാരെയും ഒരു ഫിലിപ്പീന്‍സ് പൗരനെയും ഒരു റഷ്യന്‍ പൗരനെയും ഹമാസ് മോചിപ്പിച്ചു. ഇസ്രായേല്‍ സൈനിക കോടതി വര്‍ഷങ്ങളോളം തടവുശിക്ഷക്ക് വിധിച്ചവര്‍ ഉള്‍പ്പെടെ 180ഓളം തടവുകാരെയാണ് ഇസ്രായേല്‍ വിട്ടയച്ചത്