യുഎഇയില്‍ നിന്നും കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ കുത്തനെ വര്‍ദ്ധന. സാധാരണ നിരക്കില്‍ നിന്നു മൂന്ന് ഇരട്ടി വരെയാണ് വര്‍ദ്ധനവ് വരുത്തിയിരിക്കുന്നത്.ശൈത്യകാല അവധിയും ക്രിസ്തുമസും മുന്നില്‍ കണ്ടാണ് കേരളത്തിലേക്കും തിരിച്ചുമുള്ള വിമാനയാത്രകള്‍ക്ക് നിരക്ക് അനിയന്ത്രിതമായി വര്‍ദ്ധിപ്പിക്കുന്നത്. യുഎഇയിലെ വിദ്യാലയങ്ങള്‍ക്ക് ശൈത്യകാല അവധി ആരംഭിക്കുന്നത് ഡിസംബര്‍ ഒമ്പത് മുതലാണ്. 2024 ജനുവരി രണ്ടിന് ശൈത്യകാല അവധിക്കു ശേഷം വിദ്യാലയങ്ങള്‍ പ്രവര്‍ത്തനം പുനരാരംഭിക്കും.
സാധാരണ ടിക്കറ്റ് നിരക്കിനേക്കാള്‍ മൂന്ന് ഇരട്ടിയാണ് ഈ സമയങ്ങളിലെ നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ചില വിദ്യാലയങ്ങളില്‍ ഡിസംബര്‍ 15 മുതല്‍ ജനുവരി ഒന്നു വരെ മാത്രമാണ് ശൈത്യകാല അവധി. ദേശീയ ദിനത്തോട് അനുബന്ധിച്ച് ഡിസംബര്‍ ആദ്യ ദിനങ്ങളില്‍ അവധി ആയിരുന്നതിനാല്‍ നാലു ദിവസം മാത്രമാണ് ഡിസംബറില്‍ വിദ്യാലയങ്ങള്‍ക്ക് പ്രവൃത്തി ദിനം ഉണ്ടായിരുന്നത്. ഡിസംബര്‍ ആദ്യത്തില്‍ യുഎഇയില്‍ നിന്നും കേരളത്തിലേക്ക് വിമാനയാത്ര നിരക്ക് താരതേന്യ കുറവാണെങ്കിലും ക്രിസ്തുമസിനു ശേഷം ജനുവരി ആദ്യം കേരളത്തില്‍ നിന്നും യുഎഇയിലേക്കുള്ള വിമാനയാത്ര നിരക്ക് വലിയതോതില്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
ഡിസംബര്‍ ഒമ്പതു മുതല്‍ കോഴിക്കോട്ടേക്ക് 900 ദിര്‍ഹം മുതല്‍ 2700 ദിര്‍ഹം വരെയും, കൊച്ചിയിലേക്ക് 1500 ദിര്‍ഹം മുതല്‍ 2200 ദിര്‍ഹം വരെയും, തിരുവനന്തപുരത്തേയ്ക്ക് 900 ദിര്‍ഹം മുതല്‍ 1700 ദിര്‍ഹം വരെയുമാണ് വിവിധ വിമാന കമ്പനികള്‍ ഈടാക്കുന്നത്. കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് നേരിട്ട് സര്‍വ്വീസ് നടത്തുന്നത് എയര്‍ഇന്ത്യ എക്‌സ്പ്രസ് മാത്രമാണ്. 1150 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. ജനുവരി ആദ്യത്തില്‍ കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും യുഎഇയിലേക്കുള്ള ടിക്കറ്റ് നിരക്ക് 1350 ദിര്‍ഹം മുതല്‍ 3000 ദിര്‍ഹം വരെയാണ്. കഴിഞ്ഞ വര്‍ഷം ഇതേ സീസണില്‍ യാത്രക്കാര്‍ കുറവായതിനാല്‍ വിമാനനിരക്ക് ഗണ്യമായി കുറച്ചത് പ്രവാസികള്‍ക്ക് ഗുണമായിരുന്നു.