ജമ്മു കശ്മീരിൽ വാഹനാപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കും. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ മൂന്ന് നോർക്ക ഉദ്യോഗസ്ഥർ ശ്രീനഗറിലേക്ക് തിരിച്ചു. സംസ്ഥാന സർക്കാർ നിർദേശ പ്രകാരം നോർക്ക ഡവലപ്മെന്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് ശ്രീനഗറിലേക്ക് തിരിച്ചത്. പോസ്റ്റുമോർട്ടം നടപടികൾ വേഗത്തിൽ പൂർത്തിയാക്കി മൃതദേഹങ്ങൾ വിമാന മാർഗം നാട്ടിൽ എത്തിക്കാനാണ് നീക്കം.
സോജില ചുരത്തിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് മലയാളികൾ ഉൾപ്പെടെ അഞ്ച് പേർക്കാണ് ജീവൻ നഷ്ടമായത്. വിനോദ സഞ്ചാരം കഴിഞ്ഞ് സോനമാർഗിൽ നിന്ന് മടങ്ങിയ സംഘമാണ് ശ്രീനഗറിലെ ദേശീയ പാതയിൽ ഇന്നലെ അപകടത്തിൽ പെട്ടത്. മഞ്ഞ് വീണ പാതയിൽ വാഹനം തെന്നി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. പാലക്കാട് ചിറ്റൂർ സ്വദേശികളായ സുധേഷ്, അനിൽ, രാഹുൽ, വിഗ്നേഷ് എന്നിവരാണ് മരിച്ച മലയാളികൾ. ശ്രീനഗർ സ്വദേശിയായ ഡ്രൈവർ ഐജാസ് അഹമ്മദും അപകടത്തിൽ മരിച്ചു. മൂന്ന് പേർക്ക് പരുക്കേറ്റു. മനോജ്, രജീഷ്, അരുൺ എന്നിവർക്കാണ് പരുക്ക്. ഗുരുതരമായി പരുക്കേറ്റ മനോജിനെ സൗറയിലെ ആശുപത്രിയിലേക്ക് മാറ്റി. ഇവർ സഞ്ചരിച്ച വാഹനം പൂർണമായും തകർന്ന നിലയിലായിരുന്നു.