ഔദ്യോഗിക സന്ദര്‍ശനത്തിനായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍ യുഎഇയില്‍ എത്തി. അബുദബി ഖസര്‍ അല്‍ വതാനില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി പുടിന്‍ കൂടിക്കാഴ്ച നടത്തി. യുഎഇ സന്ദര്‍ശനത്തിന് ശേഷം സൗദിയില്‍ എത്തുന്ന പുടിന്‍ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തും. ഔദ്യോഗിക സന്ദര്‍ശനത്തിനായി അബുദബിയില്‍ എത്തിയ വ്‌ളാദിമര്‍ പുടിന് രാജകീയസ്വീകരണം ആണ് യുഎഇ നല്‍കിയത്.
രാജ്യത്തിന്റെ വ്യോമാതിര്‍ത്തിമുതല്‍ യുഎഇ വായുസേനയുടെ വിമാനങ്ങള്‍ പുടിന്റെ വിമാനത്തിന് അകമ്പടിയായി. വിമാനത്താവളത്തില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നേരിട്ടെത്തിയാണ് വ്‌ളാദിമര്‍ പുടിനെ സ്വീകരിച്ചത്. തുടര്‍ന്ന് ഖസല്‍ അല്‍ വതാനില്‍ എത്തിയ പുടിന് യുഎഇ ഔദ്യോഗിക വരവേല്‍പും ഗാര്‍ഡ് ഓഫ് ഓണറും നല്‍കി. ഏറെ രാഷ്ട്രപ്രാധാന്യമുണ്ട് പുടിന്റെ യുഎഇ സന്ദര്‍ശനത്തിന്. പ്രസിഡന്റ് യുഎഇ സന്ദര്‍ശനത്തില്‍ ഗള്‍ഫ് രാഷ്ട്രങ്ങളുമായുള്ള ബന്ധവും ഗാസ യുദ്ധവും എല്ലാം ചര്‍ച്ചയാകുമെന്ന് ക്രെംലിന്‍ വ്യക്തമാക്കിയിരുന്നു.
യുഎഇയില്‍ നിന്നും സൗദിയില്‍ എത്തുന്ന പുടിന്‍ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും ചര്‍ച്ചകള്‍ നടത്തും. എണ്ണ ഉത്പാദക രാഷ്ട്രങ്ങളുടെ സഖ്യമായ ഒപെക് പ്ലസിലെ ഏറ്റവും വലിയ രണ്ട് ഉത്പാദകരാണ് റഷ്യയും സൗദിയും. എണ്ണഉത്പാദനവും വിതരണവുമായി ബന്ധപ്പെട്ട വിഷയവും വില സ്ഥിരതയും എല്ലാം കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയാകും എന്നാണ് സൂചന. യുക്രൈന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം പുടിന്റെ രാജ്യാന്തര സന്ദര്‍ശനങ്ങള്‍ അപൂര്‍വ്വമാണ്. യുക്രൈനില്‍ നിന്നും കുട്ടികളെ റഷ്യയിലേക്ക് കടത്തിയെന്ന കുറ്റത്തിന് രാജ്യാന്തചര ക്രിമിനല്‍ കോടതി പുടിന് എതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.ഇക്കാരണത്താലാണ് പുടിന്‍ വിദേശയാത്രകള്‍ ഒഴിവാക്കുന്നത്