Sunday, December 22, 2024
HomeNewsCrimeനടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി; മെമ്മറി കാർഡിൽ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി; മെമ്മറി കാർഡിൽ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി നടൻ ദിലീപിന് തിരിച്ചടി. ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡിലെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ സെഷന്‍സ് ജഡ്ജി വസ്തുതാ പരിശോധന നടത്തണമെന്ന് ഹൈക്കോടതി. അന്വേഷണം വേണമെന്ന അതിജീവിതയുടെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. അന്വേഷണത്തിനായി പൊലീസ് ഉള്‍പ്പടെ ഏത് ഏജന്‍സിയുടെയും സഹായം തേടാം. അതിജീവിതയ്ക്ക് സെഷന്‍സ് ജഡ്ജിന് മുന്നില്‍ പരാതി അവതരിപ്പിക്കാം. കുറ്റകൃത്യം തെളിയുന്ന സാഹചര്യത്തില്‍ ക്രിമിനല്‍ നടപടിക്രമം അനുസരിച്ച് മുന്നോട്ട് പോകാമെന്നും ഉത്തരവിൽ പറയുന്നു. ഹാഷ് വാല്യു മാറിയത് ആരെങ്കിലും ദൃശ്യം പരിശോധിച്ചത് കൊണ്ടാകാമെന്നും അപകീർത്തികരമായ ദൃശ്യങ്ങൾ പുറത്ത് പോകുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും ആണ് ഹർജിയിൽ അതിജീവിത ചൂണ്ടിക്കാട്ടിയിരുന്നത്.

സംഭവത്തിൽ അന്വേഷണ സമയത്ത് കേസെടുക്കാന്‍ മജിസ്‌ട്രേറ്റിന് നിര്‍ദ്ദേശം നലകാമെന്ന് കോടതി ഉത്തരവിൽ പറയുന്നു. കേസുമായി ബന്ധപ്പെട്ട തൊണ്ടിമുതലുകള പിടിച്ചെടുക്കുന്നതിന് നിര്‍ദ്ദേശം നല്‍കാം. അന്വേഷണത്തിൽ ആരെങ്കിലും കുറ്റം ചെയ്തെന്നു കണ്ടെത്തിയാൽ ക്രിമിനൽ നിയമ പ്രകാരം നടപടികൾ സ്വീകരിക്കാമെന്നും ഹൈക്കോടതിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു. അതിജീവിതയ്ക്ക് പരാതിയുണ്ടെങ്കില്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കാം. ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം. അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് നല്‍കണമെന്നും നിർദ്ദേശമുണ്ട്.

സംഭവത്തിൽ ഗൗരവകരമായ നിരീക്ഷണങ്ങളാണ് ഹൈക്കോടതി നടത്തിയത്. അതിജീവിതയുടെ താല്‍പര്യം സംരക്ഷിക്കുന്നതില്‍ നമ്മൾ പരാജയപ്പെട്ടു. അതിജീവിതയുടെ സ്വകാര്യത ലംഘിക്കപ്പെട്ടു. ചിന്തിക്കുന്നതിന് അപ്പുറമാണ് അതിജീവിതയ്ക്ക് ഉണ്ടായ ആഘാതം. നീതിന്യായ നടപടികളുടെ ശുദ്ധിക്കാണ് അന്വേഷണമെന്നും കോടതി നിരീക്ഷിച്ചു.

അന്വേഷണം വേണ്ടെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളി. ജസ്റ്റിസ് കെ. ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിൻ്റേതാണ് ഉത്തരവ്. 2018 ജനുവരി 9നും ഡിസംബർ 13നുമാണ് ആദ്യം ഹാഷ് വാല്യു മാറിയതെന്നും പിന്നീട് 2021 ജൂലൈയിലും ഹാഷ് വാല്യു മാറിയതായും ഫോറൻസിക് പരിശോധന ഫലത്തിൽ കണ്ടെത്തിയിരുന്നു. മെമ്മറി കാർഡിലെ വിവരങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് സർക്കാരും കോടതിയെ അറിയിച്ചിരുന്നു. വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് നടിയുടെ ശ്രമമെന്നും ഹർജി തള്ളണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments