കശ്മീരിൽ വാഹനാപകടത്തിൽ ഒരാൾ കൂടി മരിച്ചു. പാലക്കാട് ചിറ്റൂർ നെടുങ്ങോട് സ്വദേശി മനോജാണ് പരുക്കേറ്റ് ചികിത്സയിൽ ഇരിക്കെ മരിച്ചത്. ശ്രീനഗറിലെ സൗറയിലുള്ള സ്കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സുഹൃത്തുക്കളായ വിഘ്നേഷ്, അനിൽ, രാഹുൽ, സുധീഷ് എന്നിവരാണ് അപകടത്തിൽ ആദ്യം മരിച്ചത്. കഴിഞ്ഞ ദിവസമാണ് ഇവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചത്.
സൗറയിലെ എസ്കെഐഎംഎസ് ആശുപത്രിയിൽ മനോജിന് ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും ആരോഗ്യനില മാറ്റമില്ലാതെ തുടരുകയായിരുന്നു. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി മുഖ്യമന്ത്രിയുമായി സംസാരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾക്ക് നേതൃത്വം നൽകുന്നുണ്ട്. വിനോദയാത്ര പോയ 13 അംഗ സംഘത്തിലെ പാലക്കാട് ചിറ്റൂർ സ്വദേശികളായ 4 സുഹൃത്തുക്കളും കശ്മീർ സ്വദേശിയായ ഡ്രൈവറും ആണ് നേരത്തെ മരിച്ചത്.
സോജില ചുരത്തിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. വിനോദ സഞ്ചാരം കഴിഞ്ഞ് സോനമാർഗിൽ നിന്ന് മടങ്ങിയ സംഘമാണ് ശ്രീനഗറിലെ ദേശീയ പാതയിൽ അപകടത്തിൽ പെട്ടത്. വാഹനം റോഡിൽനിന്ന് തെന്നിമാറി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ചിറ്റൂർ നെടുങ്ങോട് രാജേന്ദ്രന്റെ മകൻ അനിൽ (34), സുന്ദരന്റെ മകൻ സുധീഷ് (33), കൃഷ്ണന്റെ മകൻ രാഹുൽ (28), ശിവന്റെ മകൻ വിഘ്നേഷ് (22) എന്നിവരാണു നേരത്തെ മരിച്ചത്. കാർ ഡ്രൈവർ ശ്രീനഗർ സത്റിന കൻഗൻ സ്വദേശി ഐജാസ് അഹമ്മദ് ഐവാനും (25) മരിച്ചു.