എസ്എഫ്ഐ പ്രതിഷേധത്തില്‍ മുഖ്യമന്ത്രിക്കെതിരെയും സര്‍ക്കാരിനെതിരെയും ആരോപണം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടുള്ള ഗൂഢാലോചനയാണ് ഇത്. പൊലീസ് വാഹനത്തിലാണ് അക്രമികളെ കൊണ്ടുവന്നതും തിരിച്ച് കൊണ്ടുപോയതുമെന്നും ഗവര്‍ണര്‍ ആരോപിച്ചു.
തനിക്കെതിരെ ആക്രമസമരം നടത്തിയവര്‍ക്കെതിരെ എടുത്ത കേസുകള്‍ പര്യാപ്തമല്ല. മുഖ്യമന്ത്രിയുടെ കാറിന് ഷൂ എറിഞ്ഞവർക്കെതിരെ ചുമത്തിയ വകുപ്പുകൾ ഏതാണെന്നും അദ്ദേഹം ചോദിച്ചു. അക്രമികൾക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി കേസ് എടുക്കണമെന്ന് ഡി ജി പിക്കും ചീഫ് സെക്രട്ടറിക്കും നിർദ്ദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു.
തന്റെ വാഹനത്തിന്റെ ചില്ല് തകർക്കുന്ന രീതിയിൽ എത്തിയപ്പോഴാണ് പുറത്തിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. കൊടി കെട്ടിയ വടിയുമായാണ് അവർ ചില്ല് തകർക്കാൻ ശ്രമിച്ചതെന്നും ഗവർണർ പറഞ്ഞു. സാധാരണ ഒരു വാഹനമായിരുന്നെങ്കിൽ ചില്ല് തകർന്നേനെയെന്നും തന്റെ വാഹനത്തിന് പ്രത്യേക സൗകര്യമുള്ളത് കൊണ്ടാണ് ചില്ല് തകരാതിരുന്നതെന്നും മൂന്ന് തവണ സമാനമായ രീതിയിൽ പ്രതിഷേധം ഉണ്ടായപ്പോഴാണ് പുറത്തിറങ്ങിയതെന്നും ഗവർണർ വ്യക്തമാക്കി.