ജയ്‌പുർ∙ ഐപിഎലിൽ രാജസ്ഥാൻ റോയൽസ് ടീം ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണെ പ്രശംസിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും മുഖ്യ പരിശീലകനുമായിരുന്ന രവി ശാസ്ത്രി. ക്യാപ്റ്റനെന്ന നിലയിൽ സഞ്ജുവിനു പക്വത കൈവന്നതായി അദ്ദേഹം പറഞ്ഞു. മത്സരത്തിൽ സഞ്ജു സ്പിന്നർമാരെ ഉപയോഗിക്കുന്ന രീതിയും മികച്ചതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആർ.അശ്വിൻ, യുസ്‌വേന്ദ്ര ചെഹൽ, ആദം സാംപ എന്നീ സ്പിന്നർമാരെ സഞ്ജു കൈകാര്യം ചെയ്യുന്ന രീതിയാണ് ശാസ്ത്രിയിൽ മതിപ്പുളവാക്കിയത്.
‘‘ക്യാപ്റ്റനെന്ന നിലയിൽ സഞ്ജു സാംസൺ പക്വത പ്രാപിച്ചു. അദ്ദേഹം സ്പിന്നർമാരെ നന്നായി ഉപയോഗിക്കുന്നു. മൂന്നു സ്പിന്നർമാരെ കളിപ്പിക്കാനും അവരെ സമർഥമായി ഉപയോഗിക്കാനും ഒരു മികച്ച ക്യാപ്റ്റനു മാത്രമേ കഴിയൂ.’’– ശാസ്ത്രി പറഞ്ഞു. കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ രാജസ്ഥാൻ റോയൽസും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള മത്സരത്തിനു മുന്നോടിയായാണ് രവി ശാസ്ത്രിയുടെ പ്രസ്താവന.
അതേസമയം, നിലവിലെ ചാംപ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ് ഈ വർഷം കിരീടം നിലനിർത്തുമെന്നും രവി ശാസ്ത്രി പ്രവചിച്ചു. ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ടൈറ്റൻസ് 12 പോയിന്റുമായി പോയിന്റ് പട്ടികയിൽ ഒന്നാമതാണ്. ടീമിൽ പ്രശ്നങ്ങളുണ്ടെങ്കിലും ടീമിലെ ചില അംഗങ്ങളുടെ സ്ഥിരതയാർന്ന പ്രകടനങ്ങൾ കിരീടം നിലനിർത്താൻ ഗുജറാത്തിനെ സഹായിക്കുമെന്നും രവി ശാസ്ത്രി അഭിപ്രായപ്പെട്ടു.
‘‘നിലവിലെ ഫോമും ടീമിന്റെ നിലയും നോക്കുമ്പോൾ, ഗുജറാത്ത് ട്രോഫി നേടുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ ടീമിൽ പ്രശ്നങ്ങളും സ്ഥിരതയുമുണ്ട്. സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന ഏഴ്-എട്ടു കളിക്കാർ ഉണ്ട്. ടീം ഒത്തൊരുമയോടെയാണ് കളിക്കുന്നത്.’’– ശാസ്ത്രി പറഞ്ഞു. അവസാനം കളിച്ച മത്സരങ്ങളിൽ പരാജയപ്പെട്ടാണ് രാജസ്ഥാനും ഗുജറാത്തും നേർക്കുനേർ പോരാട്ടത്തിന് എത്തുന്നത്. സീസണിൽ ആദ്യം ഏറ്റുമുട്ടിയപ്പോൾ ഗുജറാത്തിനെ രാജസ്ഥാൻ പരാജയപ്പെടുത്തിയിരുന്നു.