Monday, December 23, 2024
HomeMovie'ഇത് വരിക്കാശ്ശേരി, മനയല്ല ചലച്ചിത്ര അക്കാദമിയാണ്': രഞ്ജിത്തിനെതിരെ പ്രതിഷേധവുമായി അക്കാദമി അംഗങ്ങൾ

‘ഇത് വരിക്കാശ്ശേരി, മനയല്ല ചലച്ചിത്ര അക്കാദമിയാണ്’: രഞ്ജിത്തിനെതിരെ പ്രതിഷേധവുമായി അക്കാദമി അംഗങ്ങൾ

ചലച്ചിത്ര അക്കാദമി ചെയർമാൻ സംവിധായകൻ രഞ്ജിത്തിനെതിരെ ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗങ്ങൾ. ഏകാധിപതി എന്ന രീതിയില്‍ ആണ് രഞ്ജിത്തിന്‍റെ പെരുമാറ്റമെന്ന് അംഗങ്ങള്‍ ആരോപിച്ചു. തങ്ങള്‍ക്ക് ചെയര്‍മാനോട് യാതൊരു വിധേയത്വവും ഇല്ലെന്നും അവര്‍ വ്യക്തമാക്കി. ആറാം തമ്പുരാനായി ചെയര്‍മാന്‍ നടക്കുന്നത് കൊണ്ടല്ല ഫെസ്റ്റിവല്‍ നടക്കുന്നതെന്നും കൗൺസിൽ അംഗം മനോജ് കാന പറഞ്ഞു.

രഞ്ജിത്തിനെതിരെ കഴിഞ്ഞ ദിവസം സമാന്തര യോഗം ചേർന്ന എൻ. അരുൺ, മനോജ് കാന എന്നിവരടക്കമുള്ള അംഗങ്ങളാണ് പരസ്യ പ്രതികരണവുമായി എത്തിയിരിക്കുന്നത്. കള്ളത്തരമാണ് രഞ്ജിത്ത് പറയുന്നത്. മീറ്റിംഗ് കൂടിയെന്ന് നമ്മളാരോടും പറഞ്ഞിട്ടില്ല. ഉള്ളവർ യോഗം ചേർന്ന് തീരുമാനമെടുത്ത് അക്കാര്യം സർക്കാരിനെ അറിയിക്കുകയായിരുന്നെന്നും അവർ മാധ്യമങ്ങളോടു പറഞ്ഞു. ചെയര്‍മാന്‍, അസ്ഥാനത്ത് നടത്തുന്ന വലിയ അസംബന്ധങ്ങളും വിവരക്കേടും ആണ് മനോഹരമായി നടക്കുന്ന മേളയിലെ കല്ലുകടിയെന്നും അവർ പറഞ്ഞു.

അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനത്ത് ഇരുന്നുകൊണ്ട് അക്കാദമിയെ തന്നെ അവഹേളിക്കുന്ന തരത്തിലുള്ള സംസാരമാണ് രഞ്ജിത്ത് നടത്തിയത്. പ്രശ്നങ്ങളെ രമ്യമായി പരിഹരിക്കാനും അദ്ദേഹത്തിന്‍റെ തെറ്റുകള്‍ തിരുത്താനും സൗഹാര്‍ദ്ദപൂര്‍വ്വം ശ്രമിച്ചിട്ടുണ്ട്. ആര്‍ട്ടിസ്റ്റുകളെ മോശമായ, മ്ലേച്ഛമായ രീതിയിലാണ് അവഹേളിക്കുന്നത്. ഇത് വരിക്കാശ്ശേരി മനയിലെ ലൊക്കേഷന്‍ അല്ല. ചലച്ചിത്ര അക്കാദമി ആണ്. ആ ധാരണ പോലും അദ്ദേഹത്തിനില്ല. രഞ്ജിത്ത് പത്രസമ്മേളനം വിളിക്കുമ്പോൾ ഞങ്ങൾ അടുത്തുണ്ട്. ഞങ്ങളെ വിളിക്കാനോ എന്താണ് പ്രശ്നമെന്ന് പറയാനോ അദ്ദേഹം തയ്യാറായില്ല. ഒന്നുകിൽ അദ്ദേഹം തിരുത്തണം, അല്ലെങ്കിൽ അദ്ദേഹത്തെ പുറത്താക്കണം. ഇതിലൊരു വിട്ടുവീഴ്ചയും ഇല്ലെന്നും ഇത് അക്കാദമി സുഗമമായി മുന്നോട്ടുപോകാൻവേണ്ടിയാണെന്നും മനോജ് പറഞ്ഞു.

സര്‍ക്കാരിനെ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പെരുമാറ്റമാണിത്. ചെയർമാന്റെ മാടമ്പിത്തരത്തിന് എതിരെയാണ് ഞങ്ങൾ നിലകൊള്ളുന്നത്. അക്കൗദമി വിപുലപ്പെടുത്തും പുതിയ എക്സിക്യുട്ടീവ് മെമ്പര്‍മാരെ കൊണ്ടുവരും എന്നൊക്കെയാണ് രഞ്ജിത്ത് പറയുന്നത്. ഇതൊന്നും തീരുമാനിക്കുന്നത് ചെയര്‍മാന്‍ അല്ലെന്നും കൗണ്‍സില്‍ അംഗങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഐഎഫ്എഫ്കെ നടക്കുന്ന സാഹചര്യത്തില്‍, മേളയുടെ ശോഭ കെടുത്തുന്ന വിവാദത്തിലേക്ക് പോകാന്‍ തങ്ങള്‍ക്ക് താല്പര്യം ഇല്ലെന്നായിരുന്നു നിലപാടെന്നും എന്നാല്‍ ചെയര്‍മാന്‍റെ ഭാഗത്തുനിന്നും അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് നടക്കുന്നതെന്നും അംഗങ്ങള്‍ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments