മഞ്ചേരി ചെട്ടിയങ്ങാടിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് ദാരുണാന്ത്യം. ഓട്ടോയിലുണ്ടായിരുന്ന നാലു പേരും ഓട്ടോ ഡ്രൈവറുമാണ് മരിച്ചത്. കർണാടകയിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്സും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഓട്ടോറിക്ഷയിലുണ്ടായിരുന്ന അഞ്ചുപേരും മരിച്ചു. മരിച്ചവരിൽ രണ്ട് കുട്ടികളും ഉൾപ്പെടുന്നു. ഓട്ടോ ഡ്രൈവറായ അബ്ദുള്‍ മജീദ്, യാത്രക്കാരായ മുഹ്‌സിന, തെസ്‌നീം, റെയ്‌സ എന്നിവരും മറ്റൊരാളുമാണ് മരിച്ചത്.
വൈകിട്ട് ആറുമണിയോടെ ആണ് സംഭവം. മഞ്ചേരി കിഴക്കേതലയിൽ നിന്ന് പുല്ലൂരിലേക്ക് പോകുന്ന ഓട്ടോ ആണ് അപകടത്തിൽ പെട്ടത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ അഞ്ചുപേരും മരിച്ചിരുന്നു. നാട്ടുകാരെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇവർ കുട്ടിപ്പാറ സ്വദേശികളാണെന്നാണ് വിവരം. ഇറക്കം ഇറങ്ങിവന്ന ബസ്സാണ് ഓട്ടോയിലേക്ക് ഇടിച്ചു കയറിയത്.
മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. അപകടകാരണത്തെക്കുറിച്ച് അടുത്ത ദിവസം തന്നെ മോട്ടോർ വാഹന വകുപ്പുമായി ചേർന്ന് പൊലീസ് സംയുക്ത പരിശോധന നടത്തും. അപകടമുണ്ടാക്കിയ ബസിന്റെ ഡ്രൈവറെ മഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തീർത്ഥാടകരെ മറ്റൊരു വാഹനത്തിൽ ശബരിമലയിലേക്ക് അയച്ചു.