ഹാദിയയെ കാണാനില്ലെന്നും മകളെ കണ്ടെത്താൻ നടപടി വേണമെന്നുമാവശ്യപ്പെട്ട് അച്ഛൻ അശോകൻ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി അവസാനിപ്പിച്ചു. ഹാദിയ നിയമ വിരുദ്ധതടങ്കലിൽ അല്ലെന്ന് ബോധ്യമായതിനെ തുടർന്നാണ് കോടതിയുടെ നടപടി. ഹാദിയ പുനർവിവാഹം ചെയ്ത് തിരുവനന്തപുരത്ത് താമസിക്കുന്നുവെന്ന് സർക്കാർ കോടതിയെ അറിയിച്ചു. തന്നെ ആരും തടങ്കലിൽ പാർപ്പിച്ചത് അല്ലെന്ന ഹാദിയയുടെ മൊഴിയും കോടതിയിൽ ഹാജരാക്കിയിരുന്നു.
മലപ്പുറത്ത് ക്ലിനിക് നടത്തുകയായിരുന്ന മകളെ ഏതാനും ആഴ്ചകളായി കാണാനില്ലെന്നും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നും ചൂണ്ടികാട്ടിയാണ് അച്ഛൻ അശോകൻ ഹൈക്കോടതിയെ സമീപിച്ചത്. സത്യസരണി ഭാരവാഹിയായ സൈനബ അടക്കമുള്ളവർ മകളെ തടങ്കലിലാക്കിയെന്ന് സംശയമുണ്ടെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. മലപ്പുറം സ്വദേശിയുമായുള്ള ആദ്യ വിവാഹ ബന്ധം വേർപ്പെടുത്തി സ്വന്തം ഇഷ്ടപ്രകാരം മറ്റൊരു വിവാഹം കഴിച്ച് ജീവിക്കുകയാണെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു. ഹാദിയ അമ്മയുമായി ഫോണിൽ സംസാരിക്കാറുണ്ടെന്നും സ്വന്തം ഇഷ്ടപ്രകാരം ആണ് പുനർവിവാഹം ചെയ്തെന്നും പോലീസ് കോടതിയെ അറിയിച്ചിരുന്നു.
ഹാദിയയുടെ മൊഴിയിൽ തന്‍റെ സ്വകാര്യത തകർക്കാനാണ് ഹർജിയെന്ന് ആരോപിച്ചിട്ടുണ്ട്. ഹർജിയിലൂടെ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പോലീസ് അറിയിച്ചു. ഇക്കാര്യങ്ങൾ പരിശോധിച്ചാണ് കേസ് അവസാനിപ്പിക്കാൻ കോടതി തീരുമാനിച്ചത്. തമിഴ്നാട്ടിൽ മെഡിക്കൽ വിദ്യാർത്ഥിനി ആയിരിക്കെ ഇസ്ലാം മതം സ്വീകരിക്കുകയും മലപ്പുറം സ്വദേശിയെ വിവാഹം ചെയ്തതിലൂടെയുമാണ് ഹാദിയ വിഷയം നേരത്തെ നിയപ്രശ്നത്തിലേക്ക് നീണ്ടത്. സുപ്രീം കോടതിയാണ് ആദ്യ വിവാഹം ശരിവെച്ചത്.