തൃശൂർ തൃപ്രയാറിൽ ശ്രീരാമസ്വാമി ക്ഷേത്രത്തിനു സമീപം ആന ഇടഞ്ഞു. ഏകാദശിയോടനുബന്ധിച്ച് എഴുന്നള്ളിപ്പിന് കൊണ്ടുവന്ന പൂതൃക്കോവിൽ പാർഥസാരഥി എന്ന ആനയാണ് ഇടഞ്ഞത്. അക്രമാസക്തനായ ആന ക്ഷേത്ര പരിസരത്തുണ്ടായിരുന്ന രണ്ട് ടെംപോ ട്രാവലറുകൾ കുത്തി മറിച്ചിടുകയും മറ്റൊരു കാറിന് കേടുപാട് വരുത്തുകയും ചെയ്തു.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. തൃപ്രയാർ ശ്രീരാമ സ്വാമി ക്ഷേത്രത്തിലെ ശീവേലി എഴുന്നള്ളിപ്പിന് കൊണ്ട് വന്നതായിരുന്നു ആനയെ. ലോറിയിൽ നിന്നും ഇറക്കുന്നതിനിടെയാണ് ഇടഞ്ഞോടിയത്. അയ്യപ്പ ഭക്തൻമാരുമായി എത്തിയ ട്രാവലറുകൾ ആണ് തകര്‍ത്തത്. വാഹനത്തിൽ ആളുണ്ടായിരുന്നില്ലെന്നും സംഭവത്തിൽ ആർക്കും പരുക്കില്ലെന്നുമാണ് വിവരം. വഴിവാണിഭ കച്ചവടം നടത്തിയിരുന്ന ഒരു കടയും തകർത്തു.
ആനയെ ഒരു മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തളയ്ക്കായത്. എലിഫന്‍റ് സ്ക്വാഡ് സ്ഥലത്തെത്തി ക്യാപ്ച്ചര്‍ ബെല്‍റ്റ് ഉപയോഗിച്ചാണ് ആനയെ തളച്ചത്. സംഭവത്തെ തുടര്‍ന്ന് തൃപ്രയാർ – തൃശൂർ സംസ്ഥാന പാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.