ചലച്ചിത്ര അക്കാദമിയിൽ സമാന്തര യോഗം ചേർന്നില്ലെന്ന രഞ്ജിത്തിന്റെ വാദം തെറ്റ്. സമാന്തര യോഗം ചേർന്നതിന്റെ മിനുട്സ് പുറത്ത്. കുക്കു പരമേശ്വരൻ ഉൾപ്പെടെ 9 പേർയോഗത്തിൽ പങ്കെടുത്തു. സമാന്തര യോഗം സംബന്ധിച്ച അക്കാദമി ചെയര്‍മാന്‍ സംവിധായകന്‍ രഞ്ജിത്തിന്റെ വാദം തെറ്റാണെന്നാണ് വ്യക്തമാകുന്നത്.
ഒന്‍പത് കൗണ്‍സില്‍ അംഗങ്ങള്‍ പങ്കെടുത്ത സമാന്തരയോഗം തീരുമാനങ്ങളെടുത്ത് സാംസ്‌കാരിക മന്ത്രി സജി ചെറിയാന് അയച്ച കത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നു. കുക്കുവും സോഹനും പങ്കെടുത്തത് ഓൺ ലൈനിലൂടെയാണ്. പരാതി ഉന്നയിച്ച കുക്കുവിനോട് ജോലി അവസാനിപ്പിച്ചു വീട്ടിൽ പോകാൻ ചെയര്‍മാന്‍ പറഞ്ഞെന്നു മിനുട്സില്‍ പറയുന്നുണ്ട്. കുക്കുവും സോഹനും പങ്കെടുത്തില്ല എന്നായിരുന്നു രഞ്ജിത് നേരത്തെ അവകാശപ്പെട്ടത്. വിമത യോഗം ചേർന്നു എന്ന വാർത്തയും തള്ളിയിരുന്നു.
അതേസമയം 23 ന് ശേഷം ഇക്കാര്യത്തിൽ നടപടിയെടുക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രതികരിച്ചു. രഞ്ജിത്തിനെതിരെ നിരവധി പരാതികൾ കിട്ടിയിട്ടുണ്ട്. പരാതിക്കാരെ വിളിച്ചു വരുത്തി അവർക്ക് പറയാനുള്ളത് കേൾക്കും. രഞ്ജിത്തിനേയും കേൾക്കും. ഏത് സാഹചര്യത്തിലാണ് മോശം പരാമർശം നടത്തിയതെന്ന് ചോദിക്കും. വ്യക്തിപരമായ തർക്കങ്ങളാണ് എല്ലാം. അക്കാദമിയുടെ പ്രവർത്തനത്തെ ഇത് ബാധിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. നവകേരള സദസിന് ആലപ്പുഴയിലെത്തിയപ്പോഴാണ് മന്ത്രിയുടെ പ്രതികരണം.