ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കീലേരി അച്ചുവായി മാറിയെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ. ഗവർണറുടെ പ്രകോപനത്തിൽ എസ്എഫ്ഐ വീഴില്ല. പ്രതിഷേധം ജനാധിപത്യപരമായിരിക്കും. അക്കാദമിക കാര്യങ്ങൾ തടസ്സപ്പെടുത്തിയാണ് ഗവർണർ സർവകലാശാലയിൽ താമസിക്കുന്നതെന്നും ആർഷോ കോഴിക്കോട് പറഞ്ഞു.
കേരളത്തിലെ സർവകാലാശാലകളുടെ ചാൻസലർ എന്താണ് ചെയ്യുന്നതെന്ന് ജനങ്ങൾ കാണുന്നുണ്ട്. ഇദ്ദേഹം നിലവിൽ അവകാശപ്പെടുന്നത് എസ്.എഫ്.ഐ ഉയർത്തിയ വെല്ലുവിളി അദ്ദേഹം ഏറ്റെടുത്തു എന്നാണ്. വെല്ലുവിളി ഏറ്റെടുക്കാനുള്ള ആർജവം ചാൻസിലർക്കുണ്ടെങ്കിൽ എസ്.എഫ്.ഐ ചോദിച്ച വലിയ രാഷ്ട്രീയ ചോദ്യമുണ്ട്. ഈ രണ്ട് സർവകലാശാലയുടെ സെനറ്റ് നോമിനേഷനുമായി ബന്ധപ്പെട്ട് അദ്ദേഹം നൽകിയ ലിസ്റ്റ് ഏത് കേന്ദ്രത്തിൽ നിന്നും അദ്ദേഹത്തിന് ലഭ്യമായി എന്നതാണ്. എന്നാൽ, ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിക്കാൻ ചാൻസലർ തയ്യാറായിട്ടില്ലെന്ന് ആർഷോ പറഞ്ഞു.
സെനറ്റിൽ യൂ ഡി എഫ് പ്രതിനിധികളെ നിയമിക്കാൻ ലിസ്റ്റ് കൊടുത്തത് പ്രതിപക്ഷ നേതാവാണ്. പ്രതിപക്ഷ നേതാവ് ഗവർണർക്ക് ലിസ്റ്റ് നൽകിയത് ബിജെപി ഓഫീസ് വഴിയാണെന്നും ആർഷോ കൂട്ടിച്ചേർത്തു. സർവകലാശാലകളെ സംഘപരിവാർ വത്ക്കരിക്കുന്നതിന് വേണ്ടി ആർ.എസ്.എസ് തയ്യാറാക്കിയ അജണ്ട കേരളത്തിൽ നടക്കില്ല. അതിന് ഒരു തരത്തിലും സർവകലാശാലകളെ ഞങ്ങൾ വിട്ടുതരില്ലെന്നും ആർഷോ പറഞ്ഞു.
ഗവർണർ രണ്ട് ദിവസം താമസിക്കുന്നത് കാലിക്കറ്റ് സർവ്വകലാശാല ഗസ്റ്റ് ഹൗസിലാണ്. വഴിയിലും വേദികളിലും തന്നെ കനത്ത പൊലീസ് കാവലാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 150 ലേറെ പൊലീസുകാരെ സുരക്ഷയ്ക്കായി വിനിയോഗിക്കുന്നുണ്ട്. തിങ്കളാഴ്ച വൈകുന്നേരം സംഘപരിവാർ അനകൂല സംഘടനയുടെ ശ്രീനാരായണ ഗുരു അനുസ്മരണമാണ് അദ്ദേഹത്തിന്‍റെ പ്രധാന പൊതുപരിപാടി. ഞായറാഴ്ച പാണക്കാട് സാദിഖലി തങ്ങളുടെ മകന്‍റെ വിവാഹച്ചടങ്ങിലും പങ്കെടുക്കും.