ഗവര്‍ണറെ അധിക്ഷേപിച്ചുകൊണ്ട് കേരള സര്‍വകലാശാല സെനറ്റ് ഹൗസിന്റെ പ്രധാന കവാടത്തിൽ എസ്.എഫ്.ഐ സ്ഥാപിച്ച ബാനര്‍ അടിയന്തരമായി നീക്കം ചെയ്യാന്‍ നിര്‍ദേശം. ഇതുസംബന്ധിച്ച് വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കി. ഗവര്‍ണരെ ഹിറ്റ്ലറും മുസോളിനിയും ആയി താരതമ്യം ചെയ്യുന്നതാണ് ബാനര്‍.
സര്‍വകലാശാല ക്യാമ്പസില്‍ 200 മീറ്റര്‍ ചുറ്റളവില്‍ അധികൃതര്‍ക്കെതിരെ അനൗദ്യോഗിക ബാനര്‍, ബോര്‍ഡ് എന്നിവ പ്രദര്‍ശിപ്പിക്കുന്നത് വിലക്കികൊണ്ടുള്ള ഹൈക്കോടതി വിധി നിലനിൽക്കെയാണ് ബാനര്‍ പ്രദര്‍ശനം തുടരുന്നതെന്ന് വി.സി. ചൂണ്ടിക്കാട്ടി. തിങ്കളാഴ്ചയാണ് സര്‍വകലാശാല ആസ്ഥാനത്തിന് മുന്നില്‍ ബാനര്‍ സ്ഥാപിച്ചത്.
ചൊവ്വാഴ്ച തൃശൂര്‍ ആരോഗ്യ സര്‍വകലാശാലയില്‍ നിന്ന് കേരള സര്‍വകലാശാലയില്‍ എത്തിയപ്പോഴാണ് ബാനര്‍ വി.സിയുടെ ശ്രദ്ധയില്‍പ്പെട്ടതും മാറ്റാനുള്ള നിര്‍ദ്ദേശം രജിസ്ട്രാര്‍ക്കു നല്‍കിയതും. സര്‍വ്വകലാശാലയുടെപ്രതിച്ഛായ നശിപ്പിക്കുന്ന ബാനര്‍ ഉടനടി അഴിച്ചു മാറ്റാന്‍ നടപടിയെടുക്കണമെന്നാണ് വി.സിയുടെ ഉത്തരവ്.