സെക്രട്ടറിയേറ്റ് മാർച്ചിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി. പൊലീസിനെതിരെ നടത്തിയ ആക്രണം അതീവ ഗൗരവമുള്ളതെന്ന നിരീക്ഷണത്തോടെയാണ് തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയത്. അതുൽ, പ്രേംലാൽ, ബിനുകുമാർ, അക്‌സര്‍ ഷാ രാഹുൽ, ജോഫിൻ, റമീസ് ഹുസൈൻ, വിവേക്, നോയൽ ടോമിൻ, സജിത്ത്, ജിഷ്‌ണു, അദ്വൈത, സനൽ, വൈശാഖ്, ചൈത്ര, പവിത്രൻ, മുഹമ്മദ് റഫീഖ്, അജയൻ, ജനീഷ് എന്നീ 19 പ്രതികളുടെ ജാമ്യ അപേക്ഷയാണ് തള്ളിയത്.
പരുക്ക് പറ്റിയില്ലങ്കിലും സമരം നിയമ വ്യവസ്‌തകളെ വെല്ലുവിളിക്കുന്നത് അല്ലേ എന്ന് കോടതി ചോദിച്ചു. പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക ജോലി തടസപ്പെടുത്തി. ഹെൽമറ്റ്, ഷീൽഡ് എന്നിവ നശിപ്പിച്ചതിലൂടെ അരലക്ഷം രൂപയുടെ നഷ്‌ടവും വരുത്തി എന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയുളള കേസ്.
അതേസമയം, ഡി ജി പി ഓഫീസിലേക്ക് മാർച്ച് നടത്തിയ കെ എസ് യു പ്രവർത്തകരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. 10 കെഎസ്‌യു പ്രവർത്തകരുടെ ജാമ്യ അപേക്ഷയാണ് നാളെ പരിഗണിക്കുക. മാർച്ച് നടത്തിയ കെഎസ്‌യു പ്രവർത്തകരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാനുള്ള പൊലീസ് അപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. എന്ത് കാര്യത്തിനാണ് കസ്റ്റഡിയിൽ വാങ്ങുന്നതെന്ന് കോടതി ചോദിച്ചു. മാർച്ച് സംഘർഷമായതോടെ പ്രവർത്തകർ പോലീസിന് നേരെ മുളകുപൊടിയും ഗോലിയും എറിഞ്ഞിരുന്നു. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം വേണമെന്നായിരുന്നു പൊലീസ് നിലപാട്. മുളകുപൊടിയും ചീമുട്ടയും ഗോലിയും വാങ്ങിയതിന്റെ ഉറവിടം അടക്കം മനസ്സിലാക്കണമെന്നും കസ്റ്റഡി അപേക്ഷയിൽ പൊലീസ് വ്യക്തമാക്കിയിരുന്നു.ആയുധം വലിച്ചെറിഞ്ഞത് ഗൂഢലക്ഷ്യത്തോടെ ആണെന്നായിരുന്നു പൊലീസ് നിലപാട്. ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കണമെന്നും പ്രോസിക്യൂഷൻ നിലപാടെടുത്തു. എന്നാൽ ഇത് തള്ളിയാണ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മൂന്ന് കോടതിയുടെ വിധി.