സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കത്തിനെതിരെ നടക്കാവ് പോലീസ് കേസെടുത്തു. സാമൂഹ്യ പ്രവർത്തക വി.പി. സുഹറ നൽകിയ പരാതിയിന്മേൽ മതസ്പർധ ഉണ്ടാക്കൽ, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.
സിപിഐഎം സംസ്ഥാന സമിതി അംഗം അനിൽ കുമാറിന്‍റെ തട്ടം പ്രസ്താവനയുടെ ചുവടുപിടിച്ച് സമസ്ത നേതാവ് ഉമർ ഫൈസി മുക്കം ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ നടത്തിയ പരാമർശമാണ് പരാതിക്ക് ആധാരം. തട്ടമിടാത്ത സ്ത്രീകളെ അവഹേളിച്ച ഉമർ ഫൈസിക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ടാണ് വി പി സുഹറ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് കഴിഞ്ഞ ഒക്ടോബര്‍ മാസം രണ്ടാം വാരം പരാതി നൽകിയത്.
പ്രസ്താവനയിലൂടെ മുസ്ലീം മതത്തെ അപമാനിച്ചുവെന്നും പരാതിയിൽ ആരോപിച്ചിരുന്നു. തട്ടമിടാത്തവരൊക്കെ അഴിഞ്ഞാട്ടക്കാരികൾ എന്നായിരുന്നു ഉമർ ഫൈസിയുടെ പരാമർശം. ഇന്ത്യൻ ശിക്ഷാനിയമം 295 എ, 298 എന്നീ വകുപ്പുകളാണ് ചുമത്തിയത്. കേസെടുക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ഇതിനിടെ സുഹറ പലവട്ടം രംഗത്തെത്തിയിരുന്നു.
പിന്നീട് നല്ലളം സ്കൂളിൽ കുടുംബശ്രീ സംഘടിപ്പിച്ച ‘തിരികെ സ്കൂളിലേക്ക്’ എന്ന പരിപാടിയിൽ വി പി സുഹ്റ പ്രതിഷേധിക്കുകയും ചെയ്തു. പരിപാടിയിൽ അതിഥിയായിരുന്ന സുഹറ തട്ടം ഊരി പ്രതിഷേധിച്ചതിൽ പിടിഎ പ്രസിഡന്റ് അക്രമാസക്തനായിരുന്നു. പിടിഎ പ്രസിഡന്റ് വി പി സുഹ്റയെ അസഭ്യം പറഞ്ഞതായും പരാതി ഉയര്‍ന്നിരുന്നു. സംഭവത്തില്‍ വി പി സുഹ്റ നല്ലളം പൊലീസിൽ പരാതി നൽകിയിരുന്നു.