യുഎഇ 2023-ല്‍ വിവിധ മേഖലകളില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ചെന്ന് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍. അഭൂതൂപൂര്‍വ്വമായ സാമ്പത്തിക വളര്‍ച്ചയാണ് പോയവര്‍ഷം യുഎഇ കൈവരിച്ചതെന്ന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും പറഞ്ഞു. അടുത്ത വര്‍ഷം കൈവരിക്കേണ്ട ലക്ഷ്യങ്ങള്‍ക്കും മന്ത്രിസഭാ യോഗം രൂപം നല്‍കി.യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന്റെ അധ്യക്ഷതയില്‍ അബുദബി ഖസര്‍ അല്‍ വദാനില്‍ ആണ് മന്ത്രിസഭാ യോഗം ചേര്‍ന്നത്.
2023-ല്‍ രാജ്യം കൈവരിച്ച നേട്ടങ്ങള്‍ വിലയിരുത്തുന്നതിനും 2024-ലേക്കുള്ള പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതിലുമാണ് മന്ത്രിസഭാ യോഗം ഊന്നല്‍ നല്‍കിയത്. വിവിധ മേഖലകളില്‍ യുഎഇ കഴിഞ്ഞ വര്‍ഷം ശ്രദ്ധേയമായ നേട്ടം കൈവരിച്ചതായി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തും പറഞ്ഞു. മുന്നൂറ്റിയിരുപത് കോടി ദിര്‍ഹം ചിലവില്‍ സ്വദേശികള്‍ക്കായി 4300 വീടുകള്‍ നിര്‍മ്മിക്കാന്‍ പോയ വര്‍ഷം തീരുമാനം എടുത്തു. സ്വന്തമായി വീടുള്ള പൗരന്‍മാരുടെ എണ്ണം തൊണ്ണൂറ് ശതമാനമായി ഉയര്‍ന്നു. ഇക്കാര്യത്തില്‍ ലോകത്ത് തന്നെ രണ്ടാം സ്ഥാനത്താണ് യുഎഇ.
നാഫിസ് പദ്ധതിക്ക് കീഴില്‍ 92000 ഇമാറാത്തികള്‍ക്ക് സ്വകാര്യമേഖലയില്‍ തൊഴില്‍ നല്‍കിയെന്നും ഷെയ്ഖ് മുഹമ്മദ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം യുഎഇയുടെ എണ്ണേതര ജിഡിപിയില്‍ 5.9 ശതമാനത്തിന്റെ വളര്‍ച്ച നേടി.73 ഫെഡറല്‍ നിയമങ്ങള്‍ക്കും കഴിഞ്ഞ വര്‍ഷം രാജ്യത്ത് രൂപം നല്‍കി. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നേതൃത്വത്തില്‍ രാജ്യാന്തരതലത്തിലും, ശാസ്ത്രം,വിദ്യാഭ്യാസം,ആരോഗ്യം തുടങ്ങിയ മേഖലകളിലും യുഎഇ അഭൂതപൂര്‍വ്വമായ വളര്‍ച്ച കൈവരിച്ചെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
എന്‍ടിവി,അബുദബി