ദുബൈ ഉംസുഖീം സ്ട്രീറ്റിന്റെ വികസനത്തിന് 332 ദശലക്ഷം ദിര്‍ഹത്തിന്റെ കരാര്‍ നല്‍കിയെന്ന് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിട്ടി. എണ്ണൂറ് മീറ്റര്‍ നീളമുള്ള ടണല്‍ അടക്കമാണ് പദ്ധതി. 4.6 കിലോമീറ്റര്‍ ദൂരത്തിലാണ് വികസനപദ്ധതി നടപ്പാക്കുന്നത്.
ഉംസുഖീം സ്ട്രീറ്റില്‍ അല്‍ഖൈല്‍ റോഡ് ഇന്റര്‍സെക്ഷന്‍ മുതല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് വരെയുള്ള ഭാഗത്താണ് വികസന പദ്ധതി നടപ്പാക്കുന്നത്. ഷെയ്ഖ് സായിദ് റോഡ്, അല്‍ഖൈല്‍ റോഡ്, ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, എമിറേറ്റ്‌സ് റോഡ് എന്നി നാല് പ്രധാനപാതകള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയാണ് ഉംസൂഖീം സ്ട്രീറ്റ് വികസന പദ്ധതിയുടെ ലക്ഷ്യം.
ഇരുവശത്തേക്കുമായി മണിക്കൂറില്‍ പതിനാറായിരം വാഹനങ്ങള്‍ കടന്നുപോകും വിധത്തില്‍ ഉംസുഖീം സ്ട്രീറ്റിന്റെ ശേഷി വര്‍ദ്ധിപ്പിക്കും. ഷെയ്ഖ് മുഹമ്മദ് സായിദ് റോഡില്‍ നിന്നും അല്‍ഖൈല്‍ റോഡില്‍ എത്താന്‍ എടുക്കുന്ന സമയം 9.7 മിനുട്ടില്‍ നിന്നും 3.8 മിനുട്ടായി ചുരുക്കും. അല്‍ബര്‍ഷ സൗത്തില്‍ എണ്ണൂറ് മീറ്റര്‍ നീളത്തില്‍ ടണലും നിര്‍മ്മിക്കും. ഇരുവശത്തും നാല് വീതം ലെയ്‌നുകള്‍ ഉള്ളതാണ് ടണല്‍. രണ്ട് പുതിയ പാലങ്ങളും മൂന്ന് നടപ്പാലങ്ങളും പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കും.
ഇരുവശത്തേക്കുമായി മൂന്ന് വീതം ലെയ്‌നുകള്‍ ഉള്ളതാണ് പാലങ്ങള്‍. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ആണ് എമിറേറ്റിലെ പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിക്കുന്നത്.