ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു. പന്നിയാർ സ്വദേശിനിയായ പരിമളമാണ് മരിച്ചത്. ചിന്നക്കനാലിലെ പന്നിയാർ എസ്റ്റേറ്റ് മേഖലയിലായിരുന്നു അപകടം. ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്.
പരിമളം രാവിലെ ജോലിയ്ക്ക് പോകുന്നതിനിടെ ആയിരുന്നു സംഭവം. ആറ് കാട്ടാനകൾ ഉൾപ്പെടുന്ന കൂട്ടമാണ് തോട്ടം മേഖലയിൽ ഇറങ്ങിയത്. പരുക്കേറ്റ പരിമളത്തെ തേനി മെഡിക്കൽ കോളജിലേയ്ക്ക് കൊണ്ടു പോയെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
പുതുവർഷ ദിനത്തിൽ മൂന്നാര്‍ പെരിയവാരെ എസ്റ്റേറ്റില്‍ കാട്ടുകൊമ്പന്‍ പടയപ്പ റേഷന്‍കട തകർത്തിരുന്നു. കടയ്ക്കുള്ളില്‍ നിന്നും മൂന്ന് ചാക്ക് അരി ഭക്ഷിച്ചാണ് പടയപ്പ കാട് കയറിയത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ദേവികുളം ലോക് ഹാർട്ട് എസ്റ്റേറ്റിലെ റേഷൻ കടയും പടയപ്പ തകർത്തിരുന്നു. കന്നിമല എസ്റ്റേറ്റിൽ ലോവർ ഡിവിഷനിലാണ് പടയപ്പ ഇറങ്ങിയത്. അർദ്ധരാത്രി ജനവാസ മേഖലയിലിറങ്ങിയ കാട്ടാന കൃഷികൾ നശിപ്പിച്ചു. കുറച്ചു ദിവസങ്ങളായി പടയപ്പ ജനവാസ മേഖലയിൽ തമ്പടിച്ചിരിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു. വിഷയത്തില്‍ വനംവകുപ്പിന്റെ കാര്യക്ഷമമായ ഇടപെടല്‍ വേണമെന്ന് തോട്ടം തൊഴിലാളികൾ നേരത്തേ ആവശ്യം ഉന്നയിച്ചിരുന്നു.