സെക്രട്ടറിയേറ്റ് മാര്‍ച്ച് അക്രമകേസിൽ അറസ്റ്റിലായ യൂത്ത്കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ കോടതി റിമാൻ്റ് ചെയ്തു. രാഹുൽ നൽകിയ ജാമ്യഹർജി കോടതി തള്ളി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് 2 കോടതിയാണ് ഹർജി തള്ളിയത്. 14 ദിവസത്തേക്കാണ് രാഹുൽ മാങ്കൂട്ടത്തിലിനെ റിമാന്റ് ചെയ്തിരിക്കുന്നത്.
ഇരുവിഭാഗത്തിൻ്റെയും വാദങ്ങൾ കേട്ട ശേഷമാണ് കോടതി വിധി. രാഹുലിന് ന്യൂറോ സംബന്ധമായ അസുഖമുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ വൈദ്യ പരിശോധനയിൽ രാഹുലിന് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് കണ്ടെത്തി. ഇതിന് പിന്നാലെയാണ് കോടതി ജാമ്യം നിഷേധിച്ചത്.
നിയമവിരുദ്ധമായി സംഘം ചേരൽ, കലാപാഹ്വാനം, പൂജപ്പുര എസ്എച്ച്ഒയ്ക്ക് ഗുരുതരമായി പരിക്കേറ്റു തുടങ്ങി നിരവധി വകുപ്പുകളാണ് കേസിൽ ചുമത്തിയിട്ടുള്ളത്. നിരവധി പൊലീസുകാർക്ക് അടക്കം പരിക്കേറ്റ ആക്രമണങ്ങൾക്ക് രാഹുൽ മാങ്കൂട്ടത്തിൽ നേതൃത്വം നൽകി. ആക്രമണത്തിന് നേതൃത്വം നൽകിയ പ്രതികളെ പൊലീസിൻ്റെ കസ്റ്റഡിയിൽ നിന്നും ബലമായി മോചിപ്പിച്ച് രക്ഷപെടുത്തി. സർക്കാർ ഖജനാവിന് 50,000 രൂപയുടെ നഷ്ടമുണ്ടാക്കി തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് പൊലീസിൻ്റെ റിമാൻഡ് റിപ്പോർട്ടിലുള്ളത്. രാഹുലിന് ജാമ്യം നൽകരുതെന്നും പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടു. രാഹുലിൻ്റേതും സംഘത്തിൻ്റേതും നിയമവിരുദ്ധ സംഘം ചേരലെന്ന് കോടതി നിരീക്ഷിച്ചു. പട്ടികകളുമായി എന്തിനാണ് മാർച്ചിന് വന്നതെന്നും കോടതി ചോദിച്ചു. പട്ടികകളല്ല കൊടികെട്ടുന്ന വടിയാണെന്ന് രാഹുലിൻ്റെ അഭിഭാഷകൻ പറഞ്ഞതെങ്കിലും കോടതി ആ വാദം അംഗീകരില്ലില്ല.
സംഘർഷത്തിൻ്റെ തെളിവായി വീഡിയോ ദൃശ്യങ്ങൾ ഹാജരാക്കിയായിരുന്നു പ്രോസിക്യൂഷൻ്റെ വാദം. ജാമ്യം നൽകിയാൽ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്നതിനാൽ രാഹുലിന് ജാമ്യം നൽകരുതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. പ്രതി സമാന കുറ്റകൃത്യം അവർത്തിക്കുമെന്നും ജാമ്യം സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. തുടർ അന്വേഷണത്തിന് കസ്റ്റഡിയിൽ ആവശ്യമുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
രക്തം കട്ട പിടിക്കുന്ന അസുഖമാണെന്നും ചികിത്സയിലാണെന്നും ആരോഗ്യവസ്ഥ പരിഗണിക്കണമെന്നുമായിരുന്നു കോടതിയിൽ രാഹുലിൻ്റെ അഭിഭാഷകൻ്റെ വാദം. പൊതു മുതൽ നശിപ്പിച്ചതിൽ രാഹുലിൻ്റെ പങ്ക് തെളിയിക്കാൻ പോലീസിന് സാധിച്ചിട്ടില്ല. ജനാധിപത്യപരമായ പ്രതിഷേധം നിയമ വിരുദ്ധ പ്രവർത്തി അല്ല. പോലീസുകാർ മാത്രം സാക്ഷികളായ കേസിൽ സാക്ഷികളെ സ്വാധീനിക്കാൻ സാഹചര്യമില്ല. കസ്റ്റഡിയിൽ എടുത്ത ശേഷമാണ് നോട്ടീസ് നൽകുന്നത്. തുടങ്ങിയ വാദങ്ങളാണ് പ്രതിഭാഗം കോടതിയിൽ അറിയിച്ചത്.