ദുബൈയിലെ റോഡുകള്‍ക്ക് പേരുകള്‍ നല്‍കുന്നിന് പുതിയ രീതി അവലംബിച്ച് മുന്‍സിപ്പാലിറ്റി. പ്രാദേശിക മരങ്ങളുടെയും ചെടികളുടെയും പേരുകള്‍ റോഡുകള്‍ക്ക് നല്‍കും. റോഡുകള്‍ക്കുള്ള പേര് നിര്‍ദ്ദേശിക്കാന്‍ പൊതുജനങ്ങള്‍ക്കും അനുമതി നല്‍കും.നിരത്തുകളുടെ നാമകരണത്തിനായി രൂപീകരിച്ച പ്രത്യേക സമിതിയാണ് ദുബൈയിലെ റോഡുകള്‍ക്ക് പേരുകള്‍ നല്‍കുന്നത്. ഇതുവരെ പിന്തുടര്‍ന്ന് വന്നിരുന്ന രീതിയില്‍ മാറ്റം വരുത്താന്‍ ആണ് ഈ സമിതിയുടെ തീരുമാനം. യാത്രക്കാര്‍ക്ക് കൂടുതല്‍ ഗുണകരമാകും വിധത്തിലാണ് റോഡുകള്‍ക്ക് പേര് നല്‍കുന്ന രീതിയില്‍ മാറ്റം വരുത്തുന്നത്.
പുതിയ രീതി റോഡുകള്‍ എളുപ്പത്തില്‍ തിരിച്ചറിയുന്നതിനും ഓര്‍ത്തുവെയ്ക്കുന്നതിനും സഹായിക്കും. ഇതിന് ഒപ്പം പ്രാദേശികത്വത്തിനും സാംസ്‌കാരിക പൈതൃകത്തിനും പ്രാധാന്യം നല്‍കും.ഓരോ പ്രദേശത്തിനും റോഡിനും അനുയോജ്യമായ പേരുകള്‍ ആണ് നല്‍കുക. പേരുകള്‍ പ്രദര്‍ശിപ്പിക്കുന്ന സൈന്‍ബോര്‍ഡുകള്‍ക്കും പ്രത്യേകതയുണ്ടാകും. പുതിയ രീതിയ്ക്ക് അല്‍ഖവനീജ് ടൂ മേഖലയില്‍ തുടക്കം കുറിച്ചിട്ടുണ്ട്. ഇവിടെ ഒരു പുതിയ റോഡിന് അല്‍ഖാഫ് സ്ട്രീറ്റ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. യുഎഇയില്‍ ഏറ്റവും അധികം കാണപ്പെടുന്ന മരങ്ങളില്‍ ഒന്നാണ് ഖാഫ് മരം. സമാനമായി അല്‍സിദര്‍, ബാസില്‍, അല്‍ഫാഗ്ഗി, അല്‍സമര്‍,അല്‍ഷരിഷ് എന്നിങ്ങനെ എല്ലാം സ്ട്രീറ്റുകള്‍ക്ക് പേര് നല്‍കും.
പൊതുജനങ്ങളില്‍ നിന്നും റോഡുകള്‍ക്കുള്ള പേരുകള്‍ സ്വീകരിക്കും. അടുത്തഘട്ടങ്ങളിലാണ് പൊതുജനങ്ങളില്‍ നിന്നും പേരുകള്‍ സ്വീകരിക്കുക.