നാല് സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ച് ഇന്ത്യയും യുഎഇയും. വിവിധ മേഖലകളിലെ നിക്ഷേപത്തിനാണ് കരാര്‍. യുഎഇ പ്രസിഡന്റെ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ യുഎഇ സന്ദര്‍ശനത്തില്‍ ആണ് കരാര്‍ ഒപ്പുവെയ്ക്കല്‍.അഹമ്മദാബാദില്‍ നടന്ന ചടങ്ങില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും സാക്ഷിയാക്കിയാണ് ഇരുരാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളിലെ സഹകരണത്തിന് കരാറുകള്‍ ഒപ്പുവെച്ചത്. യുഎഇ നിക്ഷേപ മന്ത്രാലയം ഇന്ത്യയിലെ വിവിധ മന്ത്രാലയങ്ങളുമായി മൂന്ന് കരാറുകളില്‍ ആണ് ഒപ്പുവെച്ചിരിക്കുന്നത്.
ഊര്‍ജ്ജമേഖലയിലെ സഹകരണത്തിനും നിക്ഷേപനത്തിനും ഇന്ത്യന്‍ പുനരുപയോഗ ഊര്‍ജമന്ത്രാലയവുമായി ഒപ്പുവെച്ചാണ് കരാറുകളില്‍ ഒന്ന്. യുഎഇ നിക്ഷേപമന്ത്രി മുഹമ്മദ് ഹസ്സന്‍ അല്‍ സുവൈദിയും ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കറും തമ്മിലാണ് ഈ കരാര്‍ ഒപ്പുവെച്ചത്. ഇന്ത്യയിലെ ഊര്‍ജപദ്ധതികളില്‍ യുഎഇയുടെ നിക്ഷേപസഹകരണത്തിനാണ് രണ്ടാമത്തെ കരാര്‍. ഭക്ഷ്യപാര്‍ക്കുകളുടെ വികസനത്തിനും ഭക്ഷ്യസംസ്‌കരണ രംഗത്തെ മറ്റ് പദ്ധതികള്‍ക്കും ആണ് കരാര്‍. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയായിരിക്കും പദ്ധതികള്‍. ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യസംസ്‌കരണ മേഖലകളില്‍ ഒന്നാണ് ഇന്ത്യയുടെത്. ആരോഗ്യരംഗത്തെ നിക്ഷേപ സഹകരണത്തിനുള്ളതാണ് മൂന്നാമത്തെ കരാര്‍.
ഇന്ത്യന്‍ ആരോഗ്യമന്ത്രി ഡോ.മന്‍സൂഖ് മാണ്ഡവ്യയും യുഎഇ നിക്ഷേപമന്ത്രി മുഹമ്മദ് ഹസ്സന്‍ അല്‍സുവൈദിയും ആണ് ഈ കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത്.ആരോഗ്യസുരക്ഷാ രംഗത്തെ നവീനരീതികളിലും പദ്ധതികളിലും ഇരുരാജ്യങ്ങളും കരാര്‍ പ്രകാരം സഹകരിക്കും. ജീനോമിക് സെന്റര്‍ സ്ഥാപിക്കുന്നത് അടക്കമുള്ളതാണ് പദ്ധതികള്‍. ദുബൈ പോര്‍ട്ട് വേള്‍ഡും ഗുജറാത്ത് സര്‍ക്കാരും തമ്മിലും ഒരു ധാരണാപത്രം ഒപ്പുവെച്ചു. ഹരിതതുറമുഖങ്ങളുടെ വികസനത്തിനാണ് കരാര്‍.