മരുഭൂമിയിലെ ഗോതമ്പ് കൃഷിയില്‍ പുതിയ ചരിത്രം രചിക്കാനൊരുങ്ങി ഷാര്‍ജ ഭരണകൂടം. 1900 ഹെക്ടറില്‍ ആണ് ഇത്തവണ മെലീഹയില്‍ കൃഷിയിറക്കിയിരിക്കുന്നത്. ഗോതമ്പ് കൃഷിയുടെ പുരോഗതി മനസിലാക്കുന്നതിനായി യുഎഇ സുപ്രീംകൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമി നേരിട്ട് സന്ദര്‍ശനം നടത്തി.ആദ്യ വര്‍ഷം നാനൂറ് ഹെക്ടറില്‍ ഇറക്കിയ കൃഷി നൂറുമേനി വിളവ് നല്‍കിയതിനെ തുടര്‍ന്നാണ് 1900 ഹെക്ടറിലേക്ക് വ്യാപിപ്പിച്ചിരിക്കുന്നത്. ഒന്നാംഘട്ടത്തിന്റെ വിജയത്തെ തുടര്‍ന്ന് രണ്ടും മൂന്നൂം ഘട്ടങ്ങള്‍ സംയോജിപ്പിച്ചാണ് ഈ വര്‍ഷം കൃഷി ഇറക്കിയിരിക്കുന്നത്.
മികച്ച ഉത്പാദന ശേഷിയുള്ള മുന്നൂറ് ടണ്‍ വിത്താണ് ഇത്തവണ മെലിഹയിലെ ഗോതമ്പ് പാടങ്ങളില്‍ വിതച്ചിരിക്കുന്നത്. വിത്ത് വിതയ്ക്കും മുന്‍പ് ഇരുപത്തിനാലായിരത്തോളം ടണ്‍ ജൈവളം നല്‍കിയാണ് നിലമൊരുക്കിയത്. വിത്തിറക്കിയ ശേഷവും വിവിധ തരം ജൈവവളം നല്‍കി. ഇത്തവണ ഇരുപത്തിയഞ്ച് നിരകളില്‍ ആണ് അധികമായി കൃഷി ഇറക്കിയിരിക്കുന്നത്. മണ്ണിന്റെ ഈര്‍പ്പം കാത്ത് സൂക്ഷിക്കുന്നതിനും ജലസേചനത്തിനും ആധുനിക സംവിധാനം ആണ് ഉപയോഗിക്കുന്നത്. 48000 ക്യൂബിക്ക് മീറ്റര്‍ വിസ്തൃതിയുള്ളതാണ് ഗോതമ്പ് പാടത്തെ ജലസംഭരണി. മണിക്കൂറില്‍ 430 ക്യൂബിക്ക് മീറ്റര്‍ ജലം പമ്പുചെയ്യുന്നതിന് ശേഷിയുള്ള ഒന്‍പത് പമ്പുകള്‍ ആണ ഉപയോഗിക്കുന്നത്. ഗോതമ്പ് കൃഷിയുടെ പുരോഗതി യുഎഇ സുപ്രീംകൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി നേരിട്ടെത്തി വിലയിരുത്തി.
മാര്‍ച്ച് അവസാനം ആയിരുന്നു കഴിഞ്ഞ വര്‍ഷം മെലീഹയിലെ ഗോതമ്പ് പാടത്ത് വിളവെടുപ്പ്. കഴിഞ്ഞ തവണ നാനൂറ് ഹെക്ടറില്‍ നിന്നും 15200 ടണ്‍ ഗോതമ്പാണ് ലഭിച്ചത്.