ചെങ്കടലില്‍ വീണ്ടും ചരക്ക് കപ്പലിന് നേരെ ആക്രമണം. ഒരു ഗ്രീക്ക് കപ്പലിന് നേരെ മിസൈല്‍ ആക്രമണം ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ ചെങ്കടലിലൂടെ സഞ്ചരിക്കുന്ന അമേരിക്കന്‍ കപ്പലുകളും ആക്രമിക്കുമെന്ന് യെമനിലെ ഹൂത്തികള്‍ മുന്നറിയിപ്പ് നല്‍കി.ചെങ്കടല്‍ വഴിയുള്ള ചരക്ക് നീക്കം പൂര്‍ണ്ണമായും നിലയ്ക്കും വിധത്തിലേക്ക് മേഖലയിലെ സംഘര്‍ഷസാഹചര്യം വര്‍ദ്ധിക്കുന്നുവെന്നാണ് സൂചനകള്‍. കപ്പലുകള്‍ തുടര്‍ച്ചയായി യെമനിലെ ഹൂത്തി വിമതരുടെ ആക്രമണത്തിന് വിധേയമാവുകയാണ്.ഇതില്‍ ഒടുവിലത്തേതാണ് യെമന്‍ തീരത്തിന് സമീപത്ത് വെച്ച് ഒരു ഗ്രീക്ക് കപ്പലിന് നേര്‍ക്കുണ്ടായ മിസൈല്‍ ആക്രമണം.
സൊഗ്രാഫിയ എന്ന കപ്പല്‍ ആണ് ആക്രമിക്കപ്പെട്ടത്. ചെങ്കടലില്‍ ഇരുപത്തിനാല് മണിക്കൂറുകള്‍ക്കിടയില്‍ വലിയ ചരക്ക് കപ്പലുകള്‍ക്ക് നേരെ നടക്കുന്ന മൂന്നാമത്തെ ആക്രമണം ആണ് ഇത്. ആക്രമണത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വന്നിട്ടില്ല. ഇന്നലെ ഒരു അമേരിക്കന്‍ കപ്പലിന് നേരെയും ആക്രമണം നടന്നിരുന്നു. ചെങ്കടലില്‍ ഹൂത്തികള്‍ തുടരുന്നതിനിടെ യെമനില്‍ യു.എസ് -യുകെ സഖ്യം പ്രത്യാക്രമണം ആരംഭിച്ചിരുന്നു.
നിരവധി ഹൂത്തി കേന്ദ്രങ്ങള്‍ക്ക് നേരേയാണ് അമേരിക്കന്‍ സഖ്യം ആക്രമണം നടത്തിയത്. ഇതിന് പിന്നാലെ ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തുന്നത് ഹൂത്തികളും വര്‍ദ്ധിപ്പിച്ചു. അമേരിക്കന്‍ കപ്പലുകളും ആക്രമിക്കും എന്ന് ഹൂത്തി വക്താവ് മുന്നറിയിപ്പും നല്‍കി.ഇതോടെ ചെങ്കടല്‍ വഴിയുള്ള ചരക്ക് നീക്കം വന്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇത് യൂറോപ്പിനും ഏഷ്യയ്ക്കും ഇടയിലുള്ള കയറ്റുമതിയേയും ബാധിച്ചു.ഏഷ്യയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളിലും യൂറോപ്പില്‍ നിന്നുള്ള ഉത്പ്പന്നങ്ങള്‍ക്ക് ഏഷ്യയിലും വില വര്‍ദ്ധിക്കും.ഇന്ത്യയില്‍ നിന്ന് യൂറോപ്പിലേക്കുള്ള കയറ്റുമതി വ്യവസായവും പ്രതിസന്ധിയിലായി