കേന്ദ്ര അവഗണനയ്ക്കെതിരെ മുഖ്യമന്ത്രി നയിക്കുന്ന പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ യുഡിഎഫ് തീരുമാനം ഇന്നുണ്ടാകും. വിഷയം ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് ഏകോപനസമിതി ഇന്ന് ഓണ്‍ലൈനില്‍ യോഗം ചേരും. യോഗ തീരുമാനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യമന്ത്രിയെ അറിയിക്കും.
യോജിച്ചുള്ള സമരം അണികളുടെ മനോവീര്യം തകർക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. പ്രക്ഷോഭവുമായി സഹകരിക്കേണ്ടതില്ലെന്നാണ് ഘടകകക്ഷികളുടെയും അഭിപ്രായം. യുവജന സമരങ്ങളോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടില്‍ കോണ്‍ഗ്രസിന് കടുത്ത അമര്‍ഷമുണ്ട്. മുഖ്യമന്ത്രി ഇപ്പോള്‍ നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള നീക്കമെന്ന് ആണ് യുഡിഎഫ് വിലയിരുത്തല്‍. കേന്ദ്ര അവഗണനയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഡല്‍ഹി സമരവുമായി യുഡിഎഫ് സഹകരിക്കാന്‍ സാധ്യതയില്ല.
കേന്ദ്രത്തിനെതിരേ ഡൽഹിയിൽ അടുത്ത മാസം 8 നാണ് ഇടതുമുന്നണിയുടെ സമരം. സമരത്തിന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും. ഇന്ത്യ മുന്നണിയിലെ എല്ലാ കക്ഷികളെയും മുഴുവൻ സംസ്ഥാനങ്ങളെയും ക്ഷണിക്കാനാണ് നീക്കം. കേന്ദ്ര അവഗണന ചൂണ്ടിക്കാട്ടി ബിജെപി മുഖ്യമന്ത്രിമാർക്ക് കത്ത് നൽകാനും ഇടതു മുന്നണി നേതൃയോഗത്തിൽ തീരുമാനമായിരുന്നു.