യുഎഇയിലെ സ്ഥാപനങ്ങളില്‍ വ്യത്യസ്ഥ രാജ്യക്കാരെ നിയമിക്കണം എന്ന നിബന്ധന കര്‍ശനമാക്കുന്നു. ഏതെങ്കിലും രാജ്യക്കാര്‍ കൂടുതലാണെങ്കില്‍ പുതിയ തൊഴില്‍വീസ ലഭിക്കില്ല. അതെസമയം ഇന്ത്യക്കാര്‍ക്ക് വീസ അനുവദിക്കുന്നത് നിര്‍ത്തിയെന്ന പ്രചാരണം തെറ്റാണെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ അറിയിച്ചു.
യുഎഇയിലെ കമ്പനികളിലും സ്ഥാപനങ്ങളിലും ജീവനക്കാരില്‍ വ്യത്യസ്ഥ രാജ്യക്കാര്‍ ഉണ്ടാവണം എന്ന നിര്‍ദ്ദേശം കര്‍ശനമാക്കിയിരിക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പുതിയ തൊഴില്‍വീസയ്ക്ക് അപേക്ഷിക്കുമ്പോള്‍ ജനസംഖ്യാപരമായ വൈവിധ്യം പാലിക്കണം എന്ന അറിയിപ്പാണ് പല സ്ഥാപനങ്ങള്‍ക്കും ലഭിക്കുന്നത്. സ്ഥാപനങ്ങളുടെ വീസ ക്വാട്ടയുടെ ആദ്യ ഇരുപത് ശതമാനം എങ്കിലും വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ളവരായിരിക്കണം എന്നാണ് വീസ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏജന്റുമാര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. ഇതെ തുടര്‍ന്ന് ഒരു രാജ്യക്കാര്‍ കൂടുതലായി ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ വീസ ലഭിക്കുന്നതില്‍ തടസ്സം നേരിടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
പുതിയ നിബന്ധന കര്‍ശനമാകുന്നതോടെ ഇന്ത്യക്കാര്‍ക്ക് തൊഴില്‍വീസ ലഭിക്കുന്നതില്‍ പ്രതിസന്ധിയുണ്ടാകും എന്നാണ് സൂചന. പലസ്ഥാപനങ്ങളിലും ഇന്ത്യക്കാരുടെ എണ്ണം കൂടതലാണ് എന്നതാണ് പ്രതിസന്ധിക്ക് കാരണം. ജോലിക്ക് അപേക്ഷിക്കുമ്പോഴും ജോലിമാറ്റത്തിന് ശ്രമിക്കുമ്പോഴും വീസ ക്വാട്ട ഉണ്ടെന്ന് ഉറപ്പാക്കണം എന്നാണ് വീസ സേവന ദാതാക്കള്‍ നല്‍കുന്ന നിര്‍ദ്ദേശം.