ഗാസയില്‍ ഒരു ആശുപത്രിക്ക് നേരെ കൂടി ഇസ്രയേല്‍ ആക്രമണം. ഗാസയില്‍ ശേഷിക്കുന്ന ആശുപത്രികള്‍ കൂടി ഇസ്രയേല്‍ സൈന്യം ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നാണ് ആരോപണം. ഇതിനിടെ ഗാസ യുദ്ധവുമായി ബന്ധപ്പെട്ട് ബെന്യാമിന്‍ നെതന്യാഹു പറയുന്നത് കളവാണെന്ന വാദവുമായി ഇസ്രയേല്‍ യുദ്ധ ക്യാബിനറ്റ് മന്ത്രി തന്നെ രംഗത്ത് എത്തി.ഖാന്‍ യൂനിസിലെ അല്‍ അമാല്‍ ആശപുത്രിക്ക് നേരെ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണം നടത്തിയെന്നാണ് പലസ്തീനിയന്‍ റെഡ് ക്രെസന്റിന്റെ ആരോപണം. ആക്രമണത്തില്‍ നിരപരാധികളായ സാധാരണക്കാര്‍ക്ക് പരുക്കേല്‍ക്കുകയാണെന്നും റെഡ്‌ക്രെസന്റ് ആരോപിച്ചു.
ഖാന്‍ യൂനിസില്‍ തന്നെയുള്ള നാസര്‍ ആശുപത്രിക്ക് സമീപത്തും രൂക്ഷമായ ആക്രമണം നടക്കുന്നുണ്ട്. ഗാസയിലെ തന്നെ ഏറ്റവും വലിയ ആശുപത്രികളില്‍ ഒന്നാണ് നാസര്‍. ഖാന്‍ യൂനിസ് നഗരം പൂര്‍ണ്ണമായും ഹമാസില്‍ നിന്നും പിടിച്ചെടുക്കുന്നതിനുള്ള നീക്കങ്ങളാണ് ഇസ്രയേല്‍ സൈന്യം നടത്തുന്നത്. കഴിഞ്ഞ ഒരു ദിവസത്തിനിടയില്‍ മാത്രം 142 പലസ്തീനികള്‍ കൊല്ലപ്പെട്ടെന്ന് ഗാസയിലെ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഇതിനിടെ ഗാസ യുദ്ധവുമായി ബന്ധപ്പെട്ട പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന് എതിരെ യുദ്ധക്യാബിനറ്റ് മന്ത്രിയും മുന്‍ കരസേന മേധാവിയുമായ ഗാഡി ഐസന്‍കോട്ട് രംഗത്ത് എത്തി. നെതന്യാഹു യുദ്ധത്തിലെ വിജയം എന്ന പേരില്‍ പറയുന്നത് എല്ലാം നുണയാണെന്നാണ് ഐസന്‍കോട്ടിന്റെ ആരോപണം. ഹമാസിനെ പൂര്‍ണ്ണമായും ഇല്ലാതാക്കുമെന്ന് അവകാശപ്പെട്ട് ആരംഭിച്ച യുദ്ധം 105 ദിവസം കഴിഞ്ഞിട്ടും എങ്ങുമെത്തിയില്ല. ഹമാസിനെ ഒരിക്കലും പരാജയപ്പെടുത്താന്‍ കഴിയില്ലെന്നും ഇസ്രയേല്‍ പ്രതിരോധ സേനയുടെ മുന്‍ ചീഫ് ഓഫ് സ്റ്റാഫായിരുന്ന ഐസന്‍കോട്ട് പറഞ്ഞു. ഗസ്സയില്‍ കൊല്ലപ്പെടുന്ന സൈനികരുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്നും ഐസന്‍കോട്ട് പറഞ്ഞു.