ആലപ്പുഴയിലെ ബിജെപി നേതാവായിരുന്ന രൺജിത്ത് ശ്രീനിവാസൻ വധത്തിൽ 15 പ്രതികളും കുറ്റക്കാർ. എട്ടുപേർക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്നും എല്ലാ പ്രതികളും ഗൂഡാലോചനയുടെ ഭാഗമാണെന്നും കോടതി. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്. തിങ്കളാഴ്ചയാണ് പ്രതികളുടെ ശിക്ഷാവിധി.
കോമളപുരം സ്വദേശി നൈസാമാണ് ഒന്നാം പ്രതി. മണ്ണഞ്ചേരി സ്വദേശി അജ്മൽ, വട്ടയാൽ സ്വദേശി അനൂപ്, ആര്യാട് തെക്ക് സ്വദേശി മുഹമ്മദ് അസ്‌ലം, പൊന്നാട് സ്വദേശി അബ്ദുൾകലാം, മണ്ണഞ്ചേരി സ്വദേശി അബ്ദുൾകലാം, മുല്ലാത്ത് സ്വദേശി സഫറുദ്ദീൻ സലീം, മണ്ണഞ്ചേരി സ്വദേശി മൻഷാദ്, ജസീം, കല്ലൂപ്പാല സ്വദേശി നവാസ്, ഷമീർ, ആര്യാട് വടക്ക് സ്വദേശി നസീർ, എന്നിവരാണ് 15 പ്രതികൾ. ഒന്നുമുതൽ എട്ട് വരെയുള്ള പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി. ബാക്കി ഏഴ് പ്രതികൾ ക്രിമിനൽ ഗൂഢാലോയിൽ പങ്കെടുത്തു.
2021 ഡിസംബറിലാണ് ആലപ്പുഴ നഗരത്തെ ഞെട്ടിച്ച കൊലപാതക പരമ്പര നടക്കുന്നത്. എസ്.ഡി.പി.ഐ പ്രവർത്തകരാണ് കേസിലെ പ്രതികൾ. എന്നാൽ ആദ്യം കൊല്ലപ്പെട്ട എസ്.ഡി.പി.ഐ നേതാവ് കെ എസ് ഷാൻ വധക്കേസിൽ കഴിഞ്ഞ ആഴ്ചയാണ് പ്രത്യേക അഭിഭാഷകനെ നിയമിച്ചത്. എസ് ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെഎസ് ഷാൻ പതിനെട്ടിന് രാത്രി കൊല്ലപ്പെട്ടു. പിറ്റേന്ന് രാവിലെ രണ്‍ജിത്ത് ശ്രീനിവാസനെ വെട്ടിക്കൊന്നു. എസ്.ഡി.പി.ഐ പ്രവർത്തകരായ പതിനഞ്ചു പേരാണ് പ്രതികൾ. ഇവർ മാവേലിക്കര ജില്ലാ ജയിലിലാണ്.
156 സാക്ഷികളാണ് കേസിലുളളത്. ജില്ലയിലാകമാനം കനത്ത പൊലീസ് ജാഗ്രത ഏർപ്പെടുത്തിയിരുന്നു. വിധിപ്രസ്താവം നടത്തുന്ന മാവേലിക്കര കോടതിയിലും പരിസരത്തും നൂറിലധികം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചത്. വിധി പ്രസ്താവത്തിനായി പ്രതികളെ കോടതിയിലേക്ക് കൊണ്ടുവരുന്നതു മുതൽ കോടതി നടപടികൾ പൂർത്തിയാക്കി മടങ്ങുംവരെ ജാഗ്രത പാലിക്കാനാണ് നിർദേശം. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദം.15 പ്രതികൾക്കും കൊലപാതക കുറ്റം ബാധകമാണ്. ഇവർ സംശയാസ്പദമായി കുറ്റവാളികൾ ആണെന്ന് തെളിയിക്കപ്പെട്ടു. ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികൾ നേരിട്ടു കൊലപാതകത്തിൽ പങ്കെടുത്തു. എട്ടു മുതൽ 12 വരെയുള്ളവർ വീടിന്റെ മുൻപിൽ നിന്നും സഹായിച്ചു. 13, 14, 15 പ്രതികൾ ഗൂഢാലോചന നടത്തിയെന്നും തെളിവ് നശിപ്പിച്ചെന്നും പ്രോസിക്യൂഷൻ അഭിഭാഷകൻ പ്രതാപ് ജി പടിക്കൽ പറഞ്ഞു.
ശ്രീനിവാസന്റെ ശരീരത്തിൽ 56 ഓളം മുറിവുകൾ ഉണ്ടായി. ശവസംസ്കാര ചടങ്ങ് പോലും നടത്താൻ പറ്റാത്ത രീതിയിൽ ശരീരം വികൃതമായി. കൊല്ലപ്പെടേണ്ടവരുടെ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയത് പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് കണ്ടെത്തിയിരുന്നു എന്നും പ്രതാപ് ജി പടിക്കൽ പറഞ്ഞു.