അയോധ്യ രാമക്ഷേത്രത്തിന്റെ ബഹിരാകാശാത്ത് നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ച് ഐഎസ്ആർഒ. തദ്ദേശീയ ഉപഗ്രഹങ്ങൾ ഉപയോഗിച്ച് ബഹിരാകാശത്ത് നിന്ന് കാണുന്ന ദൃശ്യങ്ങളാണ് ഐഎസ്ആർഒ പകർത്തിയത്. 2.7 ഏക്കർ വിസ്തൃതിയുള്ള രാമക്ഷേത്രം ചിത്രത്തിൽ പൂർണമായും കാണാൻ കഴിയും. കൂടാതെ ഇന്ത്യൻ റിമോട്ട് സെൻസിംഗ് സീരീസ് ഉപഗ്രഹങ്ങൾ ഉപയോഗിച്ച് ഇതിന്റെ വിപുലീകൃത കാഴ്ചയും കാണാൻ സാധിക്കും.
സാറ്റലൈറ്റ് ചിത്രങ്ങളിൽ ദശരഥ് മഹലും സരയു നദിയും വ്യക്തമായി കാണാം. പുതുതായി നവീകരിച്ച അയോധ്യ റെയിൽവേ സ്റ്റേഷനും ചിത്രത്തിൽ കാണാം. ഇന്ത്യൻ ബഹിരാകാശ ഏജൻസിയുടെ ഭാഗമായ ഹൈദരാബാദിലെ നാഷണൽ റിമോട്ട് സെൻസിംഗ് സെന്ററിലാണ് ചിത്രം പ്രോസസ് ചെയ്തത്. ഐഎസ്ആർഒയുടെ നാഷണൽ റിമോട്ട് സെൻസിംഗ് സെന്റർ (എൻആർഎസ്‌സി) പ്രോസസ്സ് ചെയ്ത കാർട്ടോസാറ്റ് ആണ് രാമക്ഷേത്രത്തിന്റെ ഉപഗ്രഹ ചിത്രം പകർത്തിയത്. ഇൻ-ഓർബിറ്റ് സ്റ്റീരിയോ ഇമേജുകൾ നൽകാൻ കഴിവുള്ള ഒരു വിദൂര സംവേദന ഉപഗ്രഹമാണ് കാർട്ടോസാറ്റ്.
ഉപയോക്താക്കൾക്കുള്ള ഡാറ്റ സേവനങ്ങൾ മെച്ചപ്പെടുത്താൻ ഉദ്ദേശിച്ചുള്ള റിമോട്ട് സെൻസിംഗ് ഉപഗ്രഹമായ കാർട്ടോസാറ്റ് -2 സീരീസ് ഉപഗ്രഹമാണ് പിഎസ്എൽവി-സി40 വഹിക്കുന്നതെന്ന് ഐഎസ്ആർഒയുടെ വെബ്സൈറ്റ് പറയുന്നു. ക്ഷേത്രനിർമ്മാണത്തിന്റെ മറ്റ് ഘട്ടങ്ങളിലും ഐഎസ്ആർഒ സാങ്കേതികവിദ്യകൾ ഉപയോഗിച്ചിട്ടുണ്ടെന്നാണ് വിവരം.