മുന്നാറിൽ ഭീതിപരത്തി വീണ്ടും കാട്ടുകൊമ്പൻ പടയപ്പയുടെ പരാക്രമം. ഇക്കോ പോയിന്റിലിറങ്ങിയ പടയപ്പ താത്‌കാലിക കടകൾ തകർത്തു. കോൺക്രീറ്റ് കടയുടെ ഷട്ടർ തകർത്ത് അകത്തുകയറി സാധനങ്ങൾ ഭക്ഷിച്ചു. പ്രദേശത്ത് ഏറെ നേരം ഗതാഗതതടസ്സവുമുണ്ടാക്കി. എക്കോ പോയിന്റില്‍ വൈകുന്നേരത്തോടെയാണ് പടയപ്പയിറങ്ങിയത്.
ഗതാഗതം തടസ്സപ്പെട്ടതോടെ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ ആളുകള്‍ക്ക് യാത്ര ദുരിതം നേരിട്ടു. ഇതേസ്ഥലത്ത് രാവിലെയും പടയപ്പ ഇറങ്ങിയിരുന്നു. രണ്ടു കടകള്‍ തകര്‍ത്തു പഴങ്ങള്‍ എടുത്തു കഴിച്ചു.
കഴിഞ്ഞ രണ്ടാഴ്ചയായി 5 തവണ പടയപ്പ ജനവാസ മേഖലകളിൽ ഇറങ്ങി പ്രശ്നങ്ങൾ ഉണ്ടാക്കി. കഴിഞ്ഞ ദിവസം പെരിയവര ടോപ്പ്, കന്നിമല ലോവർ എന്നിവിടങ്ങളിലെ തൊഴിലാളികളുടെ വീടുകൾക്ക് സമീപമുണ്ടായിരുന്ന കൃഷി നശിപ്പിച്ചു. പടയപ്പ ജനവാസ മേഖലിയില്‍ കറങ്ങി നടക്കുന്നതിനാല്‍ ആശങ്കയിലാണ് വ്യാപാരികളും നാട്ടുകാരും.