ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ദുബൈയില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തി. ജനക്ഷേ പദ്ധതികള്‍ കൂടുതല്‍ സുതാര്യമാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.എമിറേറ്റിന്റെ സുസ്ഥിര വികസനത്തിനായി വിവിധ പദ്ധതികളാണ് ദുബൈ നടപ്പിലാക്കുന്നത്. വിവിധ മേഖലകളുടെ വികസനം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്.
പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി വിവിധ വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗമാണ് ചേര്‍ന്നത്. ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മുക്തും ഉദ്യോഗസ്ഥരുമായി സംസാരിച്ചു. സര്‍ക്കാര്‍ പ്രവര്‍ത്തന മേഖലയില്‍ കൈവരിച്ച പുരോഗതിയെ അഭിനന്ദിച്ച ഷെയ്ഖ് ഹംദാന്‍ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനങ്ങള്‍ നല്‍കുമെന്ന് അറിയിച്ചു. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ കാഴ്ചപ്പാടിലാണ് ദുബൈ വികനസത്തിന്റെ പാതയില്‍ എത്തിയത്. വിവിധ ആഗോള മത്സര സൂചകങ്ങളില്‍ ഉയര്‍ന്ന സ്ഥാനങ്ങള്‍ നേടി. പ്രധാന മേഖലകളില്‍ അന്താരാഷ്ട്ര നേതൃത്വം സ്ഥാപിക്കുന്നതിലേക്ക് ദുബൈ എത്തിരിക്കുകയാണ്. ജനങ്ങളുടെ സന്തോഷം, സുരക്ഷ, സ്ഥിരത എന്നിവയ്ക്ക് ദുബൈ നല്‍കുന്ന മുന്‍ഗണനയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്ന് ഷെയ്ഖ് ഹംദാന്‍ പറഞ്ഞു.
ദുബൈ ഇക്കണോമിക് അജണ്ട ഡി 33, ദുബൈ സോഷ്യല്‍ അജണ്ട 33, ദുബൈ 2040 അര്‍ബന്‍ മാസ്റ്റര്‍ പ്ലാന്‍ എന്നിവ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും മികച്ച ജീവിത നിലവാരം ഉറപ്പാക്കാന്‍ രൂപകല്‍പ്പന ചെയ്തതാണ്. ഗതാഗത സേവനങ്ങള്‍, തൊഴിലാളികള്‍ക്കുള്ള സേവനങ്ങള്‍, ബോധവത്കരണം, അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള സേവനങ്ങള്‍ എന്നിവയും ഷെയ്ഖ് ഹംദാന്‍ വിലയിരുത്തി. സന്ദര്‍ശനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാരുടെ കുടുംബാംഗങ്ങളുമായും ഷെയ്ഖ് ഹംദാന്‍ കൂടിക്കാഴ്ച നടത്തി.