ഷാര്‍ജയില്‍ ജനസാന്ദ്രത കൂടിയ മേഖലകളില്‍ പാര്‍ക്കിങിന് പണം ഈടാക്കാന്‍ മുനിസിപ്പിലിറ്റിയുടെ തീരുമാനം. വാണിജ്യ വിനോദ രംഗത്തുള്ള എമിറേറ്റിന്റെ പുരോഗതി പരിഗണിച്ചാണ് വാഹന പാര്‍ക്കിങിനു ഫീസ് ഏര്‍പ്പെടുത്തുന്നത്. നഗരത്തിലെ എഴുപതിനായിരം പാര്‍ക്കിങുകള്‍ പെയ്ഡ് പാര്‍ക്കിങ് ആക്കിയതായി ഷാര്‍ജ മുനിസിപ്പാലിറ്റി അറിയിച്ചു.
ഓരോ വര്‍ഷവും പേ പാര്‍ക്കിങ് പരിധിയിലേക്ക് പുതിയ മേഖലകള്‍ ഉള്‍പ്പെടുത്തുകയാണ് ഷാര്‍ജ മുനിസിപ്പാലിറ്റി. കഴിഞ്ഞ ഡിസംബര്‍ വരെ എഴുപതിനായിരം പാര്‍ക്കിങുകള്‍ പെയ്ഡ് പാര്‍ക്കിങ്ങാക്കി മാറ്റി.
സാധാരണ പാര്‍ക്കിങ് ഇടങ്ങള്‍ക്ക് പുറമേ നിക്ഷേപ അടിസ്ഥാനത്തിലുള്ള 301 ബഹുനില പാര്‍ക്കിങ്ങുകളും നഗരസഭ നല്‍കിയിട്ടുണ്ട്. 24,000 വാഹനങ്ങള്‍ക്ക് ഇവിടങ്ങളില്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയും. ഒഴിഞ്ഞ ഇടങ്ങളില്‍ മാലിന്യം തള്ളുകയും വൃത്തിഹീനമാക്കുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാന്‍ പേ പാര്‍ക്കിങ് സംവിധാനത്തിലൂടെ സാധിച്ചതായി മുനിസിപ്പല്‍ അധികൃതര്‍ പറഞ്ഞു. പലരും കെട്ടിടാവശിഷ്ടങ്ങളും വീട്ടുപകരണങ്ങളും തള്ളിയിരുന്ന ഇടങ്ങളെല്ലാം പാര്‍ക്കിങ് മേഖലകളാക്കിയതും ഗുണം ചെയ്തതായാണ് വിലയിരുത്തല്‍. നിയമം ലംഘിച്ചും മറ്റു വാഹനങ്ങള്‍ക്ക് തടസമുണ്ടാക്കിയും പാര്‍ക്ക് ചെയ്യുന്നവരെ കണ്ടെത്താന്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയതായും ഷാര്‍ജ മുനിസിപ്പാലിറ്റി പബ്ലിക് പാര്‍ക്കിങ് ഡയറക്ടര്‍ ഹാമിദ് അല്‍ഖാഇദ് അറിയിച്ചു.
പാര്‍ക്കിങ് പ്രയോജനപ്പെടുത്തുന്ന വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് സ്മാര്‍ട് ക്യാമറകള്‍ വഴി സ്‌കാന്‍ ചെയ്താണു നിയമലംഘകരെ പിടികൂടുന്നത്. മണിക്കൂറില്‍ 3000 വാഹനങ്ങളുടെ നമ്പര്‍ സ്‌കാന്‍ ചെയ്യാന്‍ കഴിയുന്ന ക്യാമറകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇ ടിക്കറ്റ്, സീസണ്‍ ടിക്കറ്റ്, മൊബൈല്‍ സന്ദേശങ്ങള്‍ വഴി പണമടച്ച് പാര്‍ക്ക് ചെയ്ത വാഹനങ്ങളുടെ വിശദാംശങ്ങള്‍ എന്നിവ സ്‌കാനിങ് വഴി അധികൃതര്‍ക്ക് ലഭിക്കും.