യൂറോപ്യന്‍-അമേരിക്കന്‍ വീസകള്‍ ഉള്ള ഇന്ത്യക്കാര്‍ക്ക് ദുബൈയിലേക്കുള്ള ഓണ്‍അറൈവല്‍ വീസ നടപടിക്രമങ്ങള്‍ ലളിതമാക്കി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ വീസയും സ്വന്തമാക്കാനുള്ള ക്രമീകരണം ആണ് ദുബൈ വിമാനകമ്പനിയായ എമിറേറ്റ്‌സ് ഒരുക്കിയിരിക്കുന്നത്.ആറ് മാസം കാലാവധിയുള്ള അമേരിക്കന്‍ വീസയോ, ഗ്രീന്‍കാര്‍ഡോ, യൂറോപ്യന്‍ യൂണിയന്‍-യൂകെ താമസവീസയോ ഉള്ള ഇന്ത്യക്കാര്‍ക്കാണ് യുഎഇ ഓണ്‍അറൈവല്‍ വീസ അനുവദിക്കുന്നത്. ഇത്തരക്കാര്‍ക്കുള്ള വീസ നടപടിക്രമങ്ങള്‍ ആണ് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ലളിതമാക്കിയിരിക്കുന്നത്.
ഓണ്‍അറൈവല്‍ വീസയ്ക്ക് മുന്‍കൂര്‍ അനുമതി നേടുന്നതിന് ആണ് സംവിധാനം. പതിനാല് ദിവസം കാലാവധിയുള്ള സിംഗിള്‍ എന്‍ട്രി വീസ ആണ് അനുവദിക്കുന്നത്. വീസ സേവനദാതാക്കളായ വി.എഫ്.എസ് ഗ്ലോബല്‍ വഴിയാണ് മുന്‍കൂര്‍ ഓണ്‍അറൈവല്‍ വീസ അനുവദിക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ എമിറേറ്റസിന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ നിന്നും വി.എഫ്.എസ് ഗ്ലോബലിന്റെ വീസ ആപ്ലിക്കേഷന്‍ സൈറ്റിലേക്ക് പ്രവേശിക്കും വിധത്തിലാണ് ക്രമീകരണം. ഇവിടെ ഓണ്‍അറൈവല്‍ വീസയ്ക്കുളള നടപടിക്രമങ്ങള്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ പൂര്‍ത്തിയാക്കാം. ദുബൈ വിമാനത്താവളത്തില്‍ എത്തിയതിന് ശേഷം ഓണ്‍അറൈവല്‍ വീസയ്ക്കായി കാത്തിരിക്കുന്നതും വരിനില്‍ക്കുന്നതും എല്ലാം ഒഴിവാക്കുന്നതിനായിട്ടാണ് എമിറേറ്റസ് പുതിയ സൗകര്യം ഒരുക്കിയിരിക്കുന്നത്.
ദുബൈയിലേക്ക് എത്തുന്ന വിദേശവിനോദസഞ്ചാരികള്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യക്കാര്‍. കഴിഞ്ഞ വര്‍ഷം ഇരുപത് ദശലക്ഷത്തിലധികം ഇന്ത്യക്കാരെ ആണ് ദുബൈ സ്വാഗതം ചെയ്തത്. ഇന്ത്യയിലെ ഒന്‍പത് കേന്ദ്രങ്ങളിലേക്കായി ആഴ്ച്ചയില്‍ 167 സര്‍വീസുകള്‍ ആണ് എമിറേറ്റസ് ദുബൈയില്‍ നിന്നും നടത്തുന്നത്.