യുഎഇയുടെ സുസ്ഥിരതാ വര്‍ഷാചരണം 2024ലേക്ക് കൂടി നീട്ടി പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. ഭാവി തലമുറയ്ക്കായി പരിസ്ഥിയെ സംരക്ഷിച്ച് കാത്തുസൂക്ഷിക്കണം എന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആഹ്വാനം ചെയ്തു.യുഎഇ ദേശീയ പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചാണ് 2024ലേക്കുള്ള രാജ്യത്തിന്റെ പ്രമേയം പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാന്‍ പ്രഖ്യാപിച്ചത്.
സുസ്ഥിരതാവര്‍ഷാചരണം 2024-ലും തുടരും എന്നാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് നഹ്യാന്റെ പ്രഖ്യാപനം. ഭാവിതലമുറകള്‍ക്കായി പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള യുഎഇ പ്രതിബദ്ധതയുടെ ഭാഗമായിട്ടാണ് സുസ്ഥിരതാവര്‍ഷാചരണം 2024-ലും തുടരുന്നതെന്നും ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് പറഞ്ഞു. ദുബൈയില്‍ നടന്ന കോപ്പ്-28 കാലാവസ്ഥാ ഉച്ചകോടി നിര്‍ണ്ണായക തീരുമാനങ്ങളിലേക്കാണ് എത്തിയത്. കൂടുതല്‍ സുസ്ഥിരമായ ഭാവിക്കായി ആഗോള സമൂഹത്തിന് ഒപ്പം കൈകോര്‍ത്ത് നമുക്കും പ്രയത്‌നിക്കാം എന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ജനുവരി ഇരുപതിന് ആണ് യുഎഇ സുസ്ഥിരതാവര്‍ഷാചരണം പ്രഖ്യാപിച്ചത്. സുസ്ഥിരചാവര്‍ഷാചരണത്തിന്റെ ഭാഗമായി ലക്ഷ്യമിട്ടതൊക്കെയും കൈവരിച്ചതിന്റെ പശ്ചാത്തലത്തില്‍ ആണ് ഒരു വര്‍ഷം കൂടി അതെ പ്രമേയം തുടരുന്നത്.