യുഎഇയില്‍ സ്വകാര്യ ട്യൂഷനുകള്‍ക്ക് അനുമതി നല്‍കിയതില്‍ കൂടുതല്‍ വ്യക്തത വരുത്തി മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം. അധ്യാപകര്‍ക്ക് അവരുടെ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന് എടുക്കുന്നതിന് അനുമതിയില്ല. അധ്യാപകര്‍ പാലിക്കേണ്ട പെരുമാറ്റ ചട്ടവും മന്ത്രാലയം പുറപ്പെടുവിച്ചു.സ്വകാര്യ ട്യൂഷന് എടുക്കുന്നതിന് അധ്യാപകര്‍ പാലിച്ചിരിക്കേണ്ട ഏഴ് പെരുമാറ്റചട്ടമാണ് മാനവിഭവഷശേഷി സ്വദേശിവത്കരണ മന്ത്രാലയം പുറപ്പെടുവിച്ചത്. സ്‌കൂള്‍ സമയത്തിന് ശേഷം മറ്റ് പുറത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ നല്‍കുന്ന രീതിയാണ് നടപ്പിലാക്കുന്നത്. അധ്യാപകര്‍ വിദ്യാര്‍ത്ഥികളുമായി തൊഴില്‍പരമായ ബന്ധം ഉണ്ടായിരിക്കണം. ഇമെയിലുകളോ ചിത്രങ്ങളോ അയക്കുകയോ മറ്റ് അനാവശ്യമായ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുന്നതിനോ പാടില്ല.
വിദ്യാര്‍ത്ഥികളുമായും രക്ഷിതാക്കളുമായും ബന്ധപ്പെട്ട വിവരങ്ങളുടെ രഹസ്യസ്വഭാവം നിലനിര്‍ത്തണം. വിദ്യാര്‍ത്ഥികള്‍ വാക്കാലോ ശാരീരികമായോ അക്രമത്തിന് വിധേയരാകരുത്. രാജ്യത്തിന് എതിരായ അസാധാരണമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിഷയങ്ങള്‍ പഠന വിധേയമാക്കുകയോ പരാമര്‍ശിക്കുകയോ ചെയ്യരുത്. കഴിഞ്ഞ ഡിസംബറിലാണ് സ്വകാര്യ ട്യൂഷനുകള്‍ നിയമവിധേയമാക്കിയത്. രണ്ട് വര്‍ഷത്തെ പെര്‍മിറ്റാണ് ലഭിക്കുന്നത്. രജിസ്റ്റര്‍ ചെയ്ത അധ്യാപകര്‍, ജോലിയുള്ളവര്‍, തൊഴിലില്ലാത്ത വ്യക്തികള്‍, 15 മുതല്‍ 18 വയസ്സുവരെയുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് സൗജന്യമായി നല്‍കുന്ന പെര്‍മിറ്റിന് അപേക്ഷിക്കാം.
അക്കാദമിക് വിഷയങ്ങള്‍, ഭാഷകള്‍, ബിസിനസ് വിഷങ്ങള്‍, സാമൂഹിക വിഷങ്ങള്‍, കലകള്‍, അറബിക്, ഇസ്ലാമിക് പഠനങ്ങള്‍, എന്നീ വിഷയങ്ങളില്‍ പഠനം നടത്താം. മാനവവിഭശേഷി മന്ത്രാലയത്തിന്റെ ആപ്ലിക്കേഷന്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. സാധുവായ യുഎഇ റെസിഡന്‍സി, നല്ല പെരുമാറ്റത്തിന്റെ സര്‍ട്ടിഫിക്കറ്റ്, തൊഴിലുടമയില്‍ നിന്നും രക്ഷിതാവില്‍ നിന്നുള്ള നോഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്, പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്‍പ്പെടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.