യുഎഇയില്‍ വ്യാജ സ്വദേശിവത്കരണത്തിന് ആയിരത്തിലധികം സ്വകാര്യ കമ്പനികള്‍ക്ക് പിഴ ചുമത്തിയെന്ന് മാനവവിഭവശേഷി മന്ത്രാലയം. നിയമലംഘനം നടത്തിയ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തിയെന്നും മന്ത്രാലയം.2022-ന്റെ രണ്ടാം പകുതി മുതല്‍ ഇതുവരെ 1077 സ്വകാര്യസ്ഥാപനങ്ങള്‍ക്ക് വ്യാജ സ്വദേശിവത്കരണത്തിന് പിഴ ചുമത്തിയെന്ന് യുഎഇ മാനവവിഭവശേഷി മന്ത്രായം. 1818 ഇമാറാത്തികള്‍ക്ക് നിയമനങ്ങള്‍ നല്‍കിയത് സ്വദേശിവത്കരണ നിയമം മറികടന്നാണെന്ന് കണ്ടെത്തിയാണ് പിഴ.
നിയമലംഘനം നടത്തിയെന്ന് കണ്ടേത്തിയ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തിയതിന് ഒപ്പം തരംതാഴ്ത്തുകയും ചെയ്തതായി മന്ത്രാലയം അറിയിച്ചു. ഇരുപതിനായിരം ദിര്‍ഹം മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെയാണ് നിയമലംഘനം നടത്തിയ കമ്പനികള്‍ക്ക് പിഴശിക്ഷ ലഭിച്ചത്. മാത്രമല്ല ഗുരുതര നിയമലംഘനം നടത്തിയ കമ്പനികളുടെ കേസുകള്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.
സ്വദേശിവത്കരണ നിയമങ്ങള്‍ അട്ടിമറിക്കുന്നതിനായി ഇമാറാത്തികള്‍ക്ക് നിയമനങ്ങള്‍ നല്‍കിയതായി രേഖകള്‍ ചമയ്ക്കുന്നത് അടക്കമുള്ള കുറ്റത്തിനാണ് ശിക്ഷ. വ്യാജ സ്വദേശിവത്കരണത്തിന് കൂട്ടുനില്‍ക്കുന്ന ഇമാറാത്തികള്‍ക്കും നടപടികള്‍ നേരിടേണ്ടിവരും.