ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനായി ഹമാസ് മുന്നോട്ട് വെച്ച നിര്‍ദ്ദേശം ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു തള്ളി. ഹമാസിന്റെ വ്യവസ്ഥകള്‍ വിചിത്രവും വഞ്ചനാപരവും ആണെന്ന് നെതന്യാഹു പറഞ്ഞു. അതെസമയം പശ്ചിമേഷ്യയില്‍ സംഘര്‍ഷം വ്യാപിപ്പിക്കാനാണ് നെതന്യാഹു ശ്രമിക്കുന്നതെന്ന് ഹമാസ് ആരോപിച്ചു.മൂന്ന് ഘട്ടങ്ങളിലായി 135 ദിവസം നീണ്ടുനില്‍ക്കുന്ന വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ആണ് ഹമാസ് മുന്നോട്ട് വെച്ചത്. പലസ്തീന്‍ തടവുകാരുടെ മോചനം ഗാസയില്‍ നിന്നുള്ള ഇസ്രയേല്‍ സൈന്യത്തിന്റെ സമ്പൂര്‍ണ്ണ പിന്‍മാറ്റം തുടങ്ങിയവ ആയിരുന്നു പ്രധാന വ്യവസ്ഥകള്‍.
എന്നാല്‍ ഹമാസ് മുന്നോട്ട് വെച്ച ഉപാധികള്‍ വിചിത്രം എന്ന് വിശേഷിപ്പിച്ച് തള്ളുകയാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. ഗാസയിലെ സമ്പൂര്‍ണ്ണവിജയം അല്ലാതെ യുദ്ധം അവസാനിപ്പിക്കുന്നതിന് മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ല. ഗാസ യുദ്ധത്തില്‍ ഇസ്രയേല്‍ സൈന്യം വിജയത്തിന് അരികിലാണെന്നും ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു. ഹമാസ് ബന്ദികളാക്കിയിട്ടുള്ളവരെ മോചിപ്പിക്കുന്നതിനായി സൈനിക സമ്മര്‍ദ്ദം തുടരേണ്ടത് അനിവാര്യതയാണെന്നും നെതന്യാഹു പറഞ്ഞു. എന്നാല്‍ പശ്ചിമേഷ്യയിലാകെ സംഘര്‍ഷം വ്യാപിപ്പിക്കുന്നതിനാണ് നെതന്യാഹുവിന്റെ ശ്രമം എന്ന് മുതിര്‍ന്ന ഹമാസ് നേതാവ് സമി അബു സുഹ്രി പറഞ്ഞു. ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനായി അമേരിക്കയും ഖത്തറും ഈജിപ്തും നടത്തിയ ശ്രമങ്ങള്‍ക്ക് ഒടുവിലാണ് ഹമാസ് മൂന്ന് ഘട്ടങ്ങളിലായി നാലര മാസം നീണ്ടുനില്‍ക്കുന്ന വെടിനിര്‍ത്തലിനുള്ള നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചത്.
മധ്യസ്ഥ രാഷ്ട്രങ്ങള്‍ മുന്നോട്ട് നിര്‍ദ്ദേശങ്ങള്‍ക്കുള്ള മറുപടിയായിട്ടായിരുന്നു ഹമാസിന്റെ വ്യവസ്ഥകള്‍. ഹമാസിന്റെ നിര്‍ദ്ദേശങ്ങള്‍ ഇസ്രയേല്‍ തള്ളിയെങ്കിലും വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വഴിമുട്ടിയിട്ടില്ലെന്നാണ് അമേരിക്കയും ഈജിപ്തും വ്യക്തമാക്കുന്നത്. ചര്‍ച്ചകള്‍ തുടരുമെന്ന് അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കന്‍ അറിയിച്ചു. ഇരുകൂട്ടരും വിട്ടുവീഴ്ച്ചകള്‍ക്ക് തയ്യാറാകണം എന്ന് ഈജിപ്തും ആവശ്യപ്പെട്ടു